സംസ്ഥാനത്തെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്, റെയ്ഡ് 56 സ്ഥലങ്ങളിൽ

  • 28/12/2022

തിരുവനന്തപുരം: നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ മുൻ ഭാരവാഹികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ് നടത്തുന്നു.  സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ - 12 കേന്ദ്രങ്ങളിൽ. സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധന. ദില്ലിയിൽ നിന്നുളള എൻ.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തിൽ എത്തിയിട്ടുണ്ട്. പി.എഫ്.ഐ നിരോധനത്തിന്റെ തുടർച്ചയാണ് പരിശോധന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂർത്തിയാക്കി എൻഐഎ ഉദ്യോഗസ്ഥർ മടങ്ങി. മാസങ്ങൾക്ക് മുൻപ് രാജ്യവ്യാപകമായി പിഎഫ്‌ഐ നേതാക്കളുടെ വീടുകളിൽ സമാനമായ രീതിയിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. 

ഇതിനു പിന്നാലെയാണ് പിഎഫ്‌ഐ നിരോധിക്കുന്നത്. എന്നാൽ പിഎഫ്‌ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന. കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടക്കുന്നത്. 

തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ. എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുകയാണ്. പി.എഫ്.ഐ മുൻ തിരുവനന്തപുരം സോണൽ പ്രസിഡന്റ് നവാസ് തോന്നയ്ക്കൽ, മുൻ സംസ്ഥാന കമ്മിറ്റി അംഗം സുൽഫി വിതുര, പിഎഫ്‌ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. തിരുവനന്തപുരത്ത് എൻ.ഐ.എ ഡിവൈഎസ്പി ആർ.കെ.പാണ്ടെയുടെ നേതൃത്വത്തിലാണ് പരിശോധന. കൊല്ലം ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എൻ.ഐ.എ സംഘം പരിശോധന നടത്തുന്നത്. ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടലാണ് പരിശോധന.

പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിൽ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂർ പഴകുളത്തും എൻഐഎ പരിശോധന നടക്കുകയാണ്. പി.എഫ്.ഐ നേതാവ് സജീവിന്റെ വീട്ടിലാണ് പരിശോധന.

Related News