ബഫർ സോൺ: സര്‍ക്കാര്‍ വീണ്ടും പ്രസിദ്ധീകരിച്ച ഭൂപടത്തിലും പിഴവുകളും ആശക്കുഴപ്പങ്ങളും

  • 28/12/2022

ബഫര്‍ സോണില്‍ സര്‍വെ നമ്ബറുകള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പ്രസിദ്ധീകരിച്ച ഭൂപടത്തിലും പിഴവുകളും ആശക്കുഴപ്പങ്ങളും. പല ജില്ലകളിലും സമരസമിതി എതിര്‍പ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ വനംവകുപ്പ് പ്രസിദ്ധീകരിച്ച രണ്ട് ഭൂപടങ്ങളിലും ധാരാളം പിഴവുകളാണ് ചൂണ്ടിക്കാട്ടുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നതിനാണ് സര്‍വേ നമ്ബര്‍ ഉള്‍പ്പെടുത്തിയുള്ള ഭൂപടം പ്രസിദ്ധീകരിച്ചത്.


എന്നാല്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച മാപ്പില്‍ സൈലന്റ് വാലിക്ക് പകരം തട്ടേക്കാട് പക്ഷി സങ്കേതമാണ് രേഖപ്പെടുത്തിയിരുന്നത്. പരാതി ഉയര്‍ന്നതോടെ ഭൂപടം സര്‍ക്കാര്‍ വീണ്ടും തിരുത്തി. എന്നാല്‍ പുതുക്കിയ ഭൂപടത്തില്‍ മണ്ണാര്‍ക്കാട് ഉള്‍പ്പെട്ടിട്ടില്ല.

ഡിസംബര്‍ 22നായിരുന്നു ബഫര്‍ സോണ്‍ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടും ഭൂപടവും സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഭൂപടത്തില്‍ പിഴവുകള്‍ ഉണ്ടെന്ന് വിദഗ്ധ സമിതി തന്നെ കണ്ടെത്തിയിരുന്നു. ഇത് തിരുത്തികൊണ്ടാണ് സര്‍വേ നമ്ബര്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്.

സര്‍വേ നമ്ബര്‍ നോക്കി ജനവാസകേന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായി അറിയുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ പുതിയ ഭൂപടം വ്യക്തതയ്ക്ക് പകരം സംശയങ്ങളാണുണ്ടാക്കുന്നതെന്നാണ് ആക്ഷേപം.

Related News