സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതൽ; ആർഭാടങ്ങളുടെ വേദിയാക്കരുതെന്ന് ഹൈക്കോടതി

  • 29/12/2022

കൊച്ചി: കലോത്സവം ആര്‍ഭാടങ്ങളുടെ വേദിയാക്കരുത്. അനാരോഗ്യകരമായ മത്സരങ്ങള്‍ നടക്കുന്നുണ്ട്. കഴിവുണ്ടായിട്ടും അനേകം പാവപ്പെട്ട കുട്ടികള്‍ക്ക് കലോത്സവത്തിന് പങ്കെടുക്കാനാകുന്നില്ലെന്നും ഹൈക്കോടതി. സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി മൂന്നിന് കോഴിക്കോട് ആരംഭിക്കാനിരിക്കേയാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.


കലോത്സവത്തിനിടെ അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് കോടതി നി‌ര്‍ദേശം നല്‍കി. മത്സരാര്‍ത്ഥികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തിലുള്ള സംഘാടനമായിരിക്കണം ഉണ്ടാകേണ്ടതെന്നും കോടതി വ്യക്തമാക്കി.

കലോത്സവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കും കോടതി നിര്‍ദേശങ്ങള്‍ നല്‍കി. വിജയം പോലെതന്നെ പരാജയത്തെയും ഉള്‍ക്കൊള്ളാന്‍ മക്കളെ സജ്ജരാക്കണം. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുകയെന്നതാണ് പ്രധാനം. രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേയ്ക്ക് തള്ളിവിടാന്‍ സാദ്ധ്യതയുണ്ട്. ദരിദ്ര ചുറ്റുപാടുകളില്‍ നിന്നുവരുന്ന പല കുട്ടികള്‍ക്കും ഭാരിച്ച ചെലവുകള്‍ താങ്ങാന്‍ കഴിയാറില്ല. അപ്പീലുകളുമായി എത്തുന്ന രക്ഷിതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Related News