കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്; മൂന്നുപേരില്‍ നിന്ന് പിടികൂടിയത് 97 ലക്ഷം രൂപയുടെ സ്വര്‍ണം

  • 29/12/2022

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്. 97 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പോലീസും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്. ഒരാളില്‍ നിന്ന് 35 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. രണ്ടുപേരില്‍ നിന്നായി 62 ലക്ഷത്തിന്റെ സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.

അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശി മുസ്തഫയുടെ (30) പക്കല്‍ നിന്നാണ് 636 ഗ്രാം സ്വര്‍ണം വിമാനത്താവളത്തിനു പുറത്തുവെച്ച് പോലീസ് പിടികൂടിയത്. സ്വര്‍ണ മിശ്രിതരൂപം മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. എക്‌സ്‌റേ പരിശോധനയിലാണ് വയറിനകത്ത് മൂന്ന് കാപ്സ്യൂളുകള്‍ കണ്ടത്.

കസ്റ്റംസ് പരിശോധനക്ക് ശേഷം വിമാനത്താവളത്തിനു പുറത്തിറങ്ങിയ മുസ്തഫയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം എയര്‍ ഇന്ത്യ വിമാനത്തില്‍ ദോഹയില്‍ നിന്നു വന്ന കോഴിക്കോട് മലയമ്മ അയിനികുന്നുമ്മല്‍ ഷമീറലി(31)യില്‍നിന്ന് 1065 ഗ്രാം തൂക്കമുള്ള സ്വര്‍ണമിശ്രിതവും എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നു വന്ന കോഴിക്കോട് പുതുപ്പാടി അബ്ദുല്‍ റസാക്കില്‍(39)നിന്ന് 250 ഗ്രാം തൂക്കമുള്ള രണ്ടു സ്വര്‍ണമാലകളുമാണ് കസ്റ്റംസ് പിടികൂടിയത്.  

Related News