തെരുവുനായ ആക്രമണത്തില്‍ ഒന്നര വയസുകാരന് ഗുരുതര പരിക്ക്

  • 30/12/2022

കൊല്ലം: കൊല്ലത്ത് ഒന്നര വയസുകാരന് നേരെ തെരുവുനായ ആക്രമണം. ആക്രമണത്തില്‍ കുഞ്ഞിന് ഗുരുതര പരിക്കേറ്റു. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അർണവിനെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ നായ്ക്കൾ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. 

കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ ഇരുപതോളം തെരുവുനായകള്‍ ചേര്‍ന്ന് കുട്ടിയെ കടിച്ചുപറിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മരക്കഷണം ഉപയോഗിച്ച് തെരുവുനായകളെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ തലക്കും മുഖത്തുമടക്കം 20 പരിക്കുകളുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയില്‍ പേവിഷബാധയ്‌ക്കെതിരായ വാക്‌സിനടക്കമുള്ള ചികിത്സ കുട്ടിക്ക് നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റും.

Related News