പെരിന്തല്‍മണ്ണയിൽ വന്‍ കുഴല്‍പ്പണ വേട്ട; മലപ്പുറത്ത് പിടികൂടുന്ന ഏറ്റവും വലിയ കുഴല്‍പ്പണ വേട്ട

  • 01/01/2023

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് പൊലീസിന്റെ വന്‍ കുഴല്‍പ്പണ വേട്ട. നാല് കോടി അറുപതു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായാണ് രണ്ടു പേര്‍ പിടിയിലായി. താമരശേരി സ്വദേശികളായ ചുണ്ടയില്‍ ഫിദ ഫഹദ്, പരപ്പന്‍പൊയില്‍ അഹമ്മദ് അനീസ് എന്നിവരാണ് പിടിയിലായത്. മലപ്പുറത്ത് പിടികൂടുന്ന ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിത്.


പണം കൊണ്ട് വരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്ത് വ്യാപകമായി വാഹന പരിശോധന നടത്തിയിരുന്നു. പുലര്‍ച്ചെ അങ്ങാടിപ്പുറത്തു വെച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കാറിന്റെ മുന്‍ സീറ്റുകളുടെ അടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്തിയ പണമാണ് പൊലീസ് പിടികൂടിയത്.

ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലയില്‍ വിതരണത്തിന് എത്തിച്ച പണമാണിതെന്ന് വിവരം. ഹവലാ സംഘത്തിനു വേണ്ടിയാണ് പണം കടത്തിയതെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Related News