പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റിക്കോര്‍ഡ് മദ്യവില്‍പ്പന; ഇന്നലെ മാത്രം വില്പന നടത്തിയത് 107.14 കോടി രൂപയുടെ മദ്യം

  • 01/01/2023

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റിക്കോര്‍ഡ് മദ്യവില്‍പ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തില്‍ 95.67 കോടിയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നത്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച്‌ തീര്‍ത്തത്.


കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവില്‍ 10 ദിവസത്തെ വില്‍പ്പന 649.32 കോടിയായിരുന്നു. ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലെറ്റിലാണ്. 1.12 കോടിയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.

രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയിലെ ആശ്രമത്താണ്. 96.59 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. സംസ്ഥാനത്തെ 268 ഔട്ട് ലെറ്റുകളിലും പത്തു ലക്ഷത്തിന് മുകളില്‍ മദ്യം വിറ്റഴിഞ്ഞു. കേരളത്തില്‍ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിച്ചതും റമ്മാണ്.

Related News