ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ വനഭൂമിയും

  • 02/01/2023

കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ വനഭൂമിയും. 149 ഏക്കര്‍ വനഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. 307 ഏക്കര്‍ ജനവാസ മേഖല ഏറ്റെടുക്കുന്നതിനു പുറമെയാണിത്. പദ്ധതിക്ക് വനം പരിസ്ഥിതി മന്ത്രാലയം, വ്യോമയാന, പ്രതിരോധ വകുപ്പുകളുടെ അനുമതി വേണം. ഇവ നേടിയെടുക്കേണ്ടത് അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്ബനിയായ ലൂയിസ് ബര്‍ഗര്‍ ആണ്.


വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങൂ എന്നാണ് വെള്ളിയാഴ്ച സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കര്‍ വരുന്നതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതിനു പുറമെയാണ് 307 ഏക്കര്‍ ജനവാസമേഖലയും ഏറ്റെടുക്കുന്നത്. 3500 മീറ്റര്‍ നീളംവരുന്ന റണ്‍വേ തയാറാക്കുന്നതിനാണ് 307 ഏക്കര്‍ ജനവാസ മേഖലകൂടി ഏറ്റെടുക്കുന്നത്.

മണിമല വില്ലേജില്‍പെടുന്ന 149 ഏക്കറാണ് ചെറുവള്ളി എസ്റ്റേറ്റില്‍ ഉള്ളത്. ഇത് പൂര്‍ണമായും വനഭൂമിയെന്നാണ് സെറ്റില്‍മെന്‍റ് രജിസ്റ്ററിലുള്ളത്. ഈ ഭൂമിക്ക് ഒരിക്കലും എന്തെങ്കിലും ഇളവോ, പട്ടയമോ നല്‍കിയതായി രേഖയില്ല. ചെറുവള്ളി എസ്റ്റേറ്റ് അയന ചാരിറ്റബിള്‍ ട്രസ്റ്റിന് വില്‍പന നടത്തി 2005ല്‍ ഹാരിസണ്‍സ് തയാറാക്കിയ ആധാരങ്ങളിലൊന്നും ഈ ഭൂമിയുടെ സര്‍വേ നമ്ബറുകള്‍ രേഖപ്പെടുത്തിയിട്ടുമില്ല.

ഭൂമിയുടെ ഉടമസ്ഥത തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വിജയിച്ചാലും വനഭൂമി വിമാനത്താവളത്തിന് വിനിയോഗിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കുമോ എന്ന് കണ്ടറിയണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Related News