സൈനികരുടെ ക്ഷേമത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാർ: മുഖ്യമന്ത്രി

  • 02/01/2023

തിരുവനന്തപുരം: സൈനികരുടെ ക്ഷേമത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്തവരുടെ പത്നിമാരെ കണ്ടത് ഏറെ വികാരപരമായ അനുഭവമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.122 ടെറിട്ടോറിയല്‍ ആര്‍മിയുടെ കേരളത്തിലെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ്ഹില്‍ കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി.


അപകടത്തില്‍പ്പെടുകയോ മരിക്കുകയോ ചെയ്തവര്‍ക്ക് സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കൂടുതല്‍ കാര്യം ചെയ്യേണ്ടതുണ്ടെങ്കില്‍ തുറന്ന മനസോടെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഭേദചിന്തയുമില്ലാതെ രാഷ്ട്ര സേവനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് സൈനികരെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്ര സേവനത്തിനിടെ വീരചരമം അടഞ്ഞ രണ്ടു പേരുടെ കുടുംബത്തെ കണ്ടത് വികാരപരമായ അനുഭവമായി. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കുകയെന്നത് വലിയ കാര്യമാണ്. ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടെ ഓര്‍മ്മയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് മുഖ്യമന്ത്രി വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബാംഗങ്ങളെ കണ്ടത്.

Related News