മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷം: സജി ചെറിയാൻ

  • 03/01/2023

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമെന്ന് സജി ചെറിയാന്‍. മാറിനിന്ന കാലത്തും പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ചു. ഗവര്‍ണറുടെ വിയോജിപ്പിന് മറുപടിയില്ലെന്നും രാഷ്ട്രീയ നേതൃത്വം മറുപടി പറയുമെന്നും സജി ചെറിയാന്‍ പറഞ്ഞു. സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ ശക്തമായ വിയോജിപ്പുകളോടെയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്.


സജി ചെറിയാന്‍ വിഷയത്തില്‍ ഭാവിയില്‍ എന്ത് തിരിച്ചടിയുണ്ടായാലും ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമായിരിക്കുമെന്ന് മുഖ്യമന്ത്രിയെ ഫോണില്‍ ഗവര്‍ണര്‍ വിളിച്ചറിയിച്ചു. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സജിയുടെ മടക്കത്തില്‍ കടുത്ത വിയോജിപ്പോടെ ഗവര്‍ണര്‍ അനുമതി നല്‍കിയത്.

പല നിയമവിദഗ്ധരില്‍ നിന്നും നിയമോപദേശങ്ങള്‍ തേടി പരമാവധി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചത്. സാഹചര്യം അസാധാരണമാണ്. എന്നാല്‍ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കെ സത്യപ്രതിജ്ഞക്കായി ശുപാര്‍ശ ചെയ്യുന്ന പേര് തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് ഗവര്‍ണര്‍ തന്നെ സമ്മതിക്കുന്നു. ഈ ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ടത് കൊണ്ട് മാത്രമാണ് അനുമതിയെന്നാണ് അതൃപ്തിയോടെ ഫോണില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ അറിയിച്ചത്.

Related News