നിയമസഭ സമ്മേളന തീയതി ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും

  • 04/01/2023

നിയമസഭ സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓൺലൈനായി ആണ് യോഗം ചേരുക. ഗവർണറുമായുള്ള മഞ്ഞുരുകലിനു പിന്നാലെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഈ മാസം അവസാനം ചേരാൻ ധാരണയായത്. നേരത്തെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ കഴിഞ്ഞ സമ്മേളനത്തിന്റെ തുടർച്ചയായി സഭ ചേരാനായിരുന്നു നീക്കം.

കഴിഞ്ഞ കുറച്ച് നാളുകളായി തുടർന്നുവന്നിരുന്ന ഗവർണർ സർക്കാർ പോരിന് അയവുവന്നെന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തെ കുറിച്ച് രാജ്ഭവന്റെ തീരുമാനം വന്നതോടെയാണ് സർക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു സംസ്ഥാന സർക്കാർ. ഇതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ച കാര്യം ഗവർണറെ കഴിഞ്ഞ ദിവസം വരെ അറിയിച്ചിരുന്നില്ല. ഇതറിയിക്കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ഇന്നലെ എടുത്തത്.

അതേസമയം സജി ചെറിയാൻ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലെത്തി. ഇന്നലെ വൈകിട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാൻ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്. നിയമോപദേശങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയവുമാണ് സത്യപ്രതിജ്ഞക്ക് അനുമതി നൽകാൻ ഗവർണറെ പ്രേരിപ്പിച്ചത്.

Related News