സജി ചെറിയാന്റെ ഭരണഘടന അധിക്ഷേപ കേസ്: പൊലീസ് റിപ്പോർട്ട് സ്വീകരിക്കുന്നതിൽ കോടതി വിധി ഇന്ന്

  • 04/01/2023

മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസിൽ പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് സ്വീകരിക്കുന്നതിൽ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിക്കരുതെന്നായിരുന്നു ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരനായ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നത്. 

സജി ചെറിയാനെതിരായ കേസിൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പരാതിക്കാരനായ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നത്. സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ തീരുമാനമുണ്ടാകുന്നത് വരെ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്നായിരുന്നു കോടതിയോട് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസവും റിപ്പോർട്ട് പരിഗണിക്കുമ്പോൾ തടസ ഹർജിയുമായി പരാതിക്കാരൻ എത്തിയിരുന്നു.

ഇന്നലെയാണ് സജി ചെറിയാൻ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലെത്തിയത്. ഇന്നലെ വൈകിട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാൻ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്. നിയമോപദേശങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയവുമാണ് സത്യപ്രതിജ്ഞക്ക് അനുമതി നൽകാൻ ഗവർണറെ പ്രേരിപ്പിച്ചത്.

Related News