യുവ സംവിധായക നയന സൂര്യന്റെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

  • 05/01/2023

യുവ സംവിധായക നയന സൂര്യന്റെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. എഡിജിപി എം.ആര്‍. അജിത്ത് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.


നയന സൂര്യന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും കേസ് പുനരന്വേഷിക്കണമെന്ന് കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നലെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള നടപടി വരുന്നത്. നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്ന അസ്ഫിക്‌സിയോഫീലിയ ആണ് നയന സൂര്യന്റെ മരണത്തിന് കാരണം എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പോസ്റ്റുമോ‍‍‍ര്‍ട്ടം റിപ്പോര്‍ട്ടും നയനയുടെ മരണവുമായി ബന്ധപ്പെട്ട് വിചിത്രമായ ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി പുറത്ത് വന്ന സാഹചര്യത്തിലാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

നയനയുടെ മരണത്തിന് കാരണം കഴുത്ത് ഞെരിഞ്ഞതാണെന്നായിരുന്നു പോസ്റ്റുമോ‍ര്‍ട്ടത്തിലെ കണ്ടെത്തല്‍. ഇതിനെ സാധൂകരിക്കുന്നതിനായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സ്വയം പീഡനരോഗാവസ്ഥ കെട്ടിച്ചമച്ചതാണോയെന്ന സംശയവും ഉയര്‍ന്ന് വന്നിരുന്നു. പോലീസ് മരണത്തില്‍ ദുരൂഹതയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു.

മൂന്ന് വര്‍ഷം മുന്‍പ് തിരുവനന്തപുരം ആല്‍ത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിന്‍ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. അടിവയറ്റില്‍ ചവിട്ടേറ്റത് പോലുള്ള ക്ഷതമുണ്ട്.

ആന്തരാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം വഴി മുട്ടിയ അവസാനിപ്പിക്കുകയായിരുന്നു. പ്രമേഹരോഗിയായ നയന ഷുഗര്‍നില കുറ‍ഞ്ഞ് തളര്‍ന്ന് വീണ് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

Related News