യു കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജന്‍സി; കോടികള്‍ തട്ടിയതായി പരാതി

  • 05/01/2023

കണ്ണൂര്‍: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കണ്ണൂര്‍ തളിപ്പറമ്ബില്‍ സ്വകാര്യ ഏജന്‍സി കോടികള്‍ തട്ടിയതായി പരാതി. തൊഴില്‍ തട്ടിപ്പിന് ഇരയായ വയനാട് സ്വദേശി ആത്മഹത്യ ചെയ്തു. സ്ഥാപനം പൂട്ടി മുങ്ങിയ ഉടമയ്‌ക്കെതിരെ തട്ടിപ്പിനിരയായവര്‍ കണ്ണൂര്‍ ഐ ജി ക്ക് പരാതി നല്‍കിയിട്ടുണ്ട്.


ഇക്കഴിഞ്ഞ ഡിസംബര്‍ 27 നായിരുന്നു വയനാട് ബത്തേരി തൊടുവട്ടി സ്വദേശി അനൂപ് ടോമി എന്ന 27 കാരന്‍ ആത്മഹത്യ ചെയ്തത്. സ്വകാര്യ വ്യക്തികളില്‍ നിന്നടക്കം വായ്പ വാങ്ങി 6 ലക്ഷത്തോളം രൂപയാണ് അനൂപ് ഏജന്‍സിക്ക് കൈമാറിയത്. എന്നാല്‍ വൈകാതെ കബളിപ്പിക്കല്‍ മനസ്സിലായി. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും മറുപടി പോലും ലഭിച്ചില്ല. പിന്നാലെ ഏജന്‍സി പൂട്ടി ഉടമ മുങ്ങി. കടം വാങ്ങിയവര്‍ പണം തിരികെ ചോദിച്ചതോടെ ഈ യുവാവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മറ്റ് വഴികള്‍ ഒന്നും ഉണ്ടായില്ല.

ഇത് അനൂപിന്റെ മാത്രം അനുഭവമല്ല. തളിപ്പറമ്ബ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ്‌സ് കണ്‍സള്‍ട്ടന്‍സിയെന്ന ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായത് ഇത്തരത്തില്‍ നൂറോളം പേരാണ്. 4 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയാണ് പലര്‍ക്കും നഷ്ടപ്പെട്ടത്. ആദ്യം ബെല്‍ജിയത്തിലേക്ക് ആയിരുന്നു തൊഴില്‍ വാഗ്ദാനം, പിന്നീട് യുകെയിലേക്കും. ഐ.ഇ.എല്‍.ടി.എസ് ( IELTS )യോഗ്യത ഇല്ലാത്ത തന്നെ തൊഴില്‍ വിസ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം.

നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി വിശ്വസിപ്പിച്ച്‌ പല രേഖകകളും ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയെങ്കിലും എല്ലാം വ്യാജമായിരുന്നു. ഏജന്‍സി ഉടമ പി.പി കിഷോറിനെതിരെ തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തട്ടിപ്പിനിരയായവര്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്ക് പരാതി നല്‍കിയത്.

Related News