ബഫര്‍സോണ്‍ പ്രശ്നത്തില്‍ പരാതി നൽകാനുള്ള സമയപരിധി അവസാനിച്ചു; ആകെ ലഭിച്ചത് 63500 പരാതികള്‍

  • 07/01/2023

തിരുവനന്തപുരം: ബഫര്‍സോണ്‍ പ്രശ്നത്തില്‍ സമയപരിധി തീര്‍ന്നപ്പോള്‍ ആകെ ലഭിച്ചത് 63500 പരാതികള്‍. 24528 പരാതികള്‍ തീര്‍പ്പാക്കി. പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും. കിട്ടിയതില്‍ പകുതിയോളം പരാതികളും തീര്‍പ്പാക്കാന്‍ കഴിയാതെയാണ് സമയപരിധി തീര്‍ന്നത്. അതേസമയം ലഭിച്ച പരാതികളില്‍ പലതും ഇരട്ടിപ്പുണ്ടെന്നും ചില പരാതികള്‍ ഗൗരവമുള്ളവയല്ലെന്നുമാണ് വനംവകുപ്പ് വിശദീകരണം.


ബഫര്‍ സോണ്‍ മേഖലയിലെ 28494 നിര്‍മ്മിതികള്‍ കൂടി ഭൂപടത്തില്‍ ചേര്‍ത്തു. നേരത്തെ റിമോട്ട് സെന്‍സിംഗ് കേന്ദ്രം 54000 നിര്‍മ്മാണങ്ങളുടെ വിവരങ്ങള്‍ ചേര്‍ത്തിരുന്നു. പുതിയ പരാതികളിലെ പരിശോധന കൂടി തീരുമ്ബോള്‍ ബഫര്‍സോണ്‍ മേഖലയില്‍ ആകെ ഒരുലക്ഷത്തിനടുത്ത് കെട്ടിടങ്ങള്‍ ബഫര്‍സോണ്‍ മേഖലയില്‍ ഉണ്ടാകും. ഇവയെ ഒഴിവാക്കിത്തരണമെന്നാകും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെടുക.

ഒരാഴ്ചകൂടി നടത്തുന്ന പരിശോധനക്ക് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. അതേസമയം 11 ന് കേസ് പരിഗണിക്കുമ്ബോള്‍ സുപ്രീംകോടതി എന്ത് നിലപാടെടുക്കും എന്ന ആശങ്ക കേരളത്തിനുണ്ട്. സ്ഥലപരിശോധന തീര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സാവകാശമാണ് കേരളം ചോദിക്കുന്നത്. ഇത് ലഭിക്കുമോ എന്ന് ഒരു ഉറപ്പുമില്ല. ഇതിനിടെ പരാതി നല്‍കാനുള്ള സമയപരിധ രണ്ടാഴ്ച കൂടി നീട്ടണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി ആവശ്യപ്പെട്ടെങ്കിലും പരിധി നീട്ടിയില്ല.

Related News