പാന്‍ മസാല പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് ഡോളര്‍ കടത്താന്‍ ശ്രമം; പ്രതി പിടിയിൽ

  • 10/01/2023

പാന്‍ മസാല പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച ഡോളര്‍ നോട്ടുകള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് കൊല്‍ക്കത്തയില്‍ പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നടത്തിയ പരിേശാധനയിലാണ് ബാങ്കോക്കിലേക്ക് കടത്താന്‍ ശ്രമിച്ച ഡോളര്‍ കണ്ടെത്തിയത്. 40,000 ഡോളറാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇന്ത്യന്‍ രൂപയില്‍ 32 ലക്ഷത്തിലധികം മൂല്യം വരും ഇത്.


നൂറുകണക്കിന് പാന്‍ മസാല പാക്കറ്റുകളില്‍ അതിവിദഗ്ധമായാണ് ഡോളര്‍ ഒളിപ്പിച്ചിരുന്നത്. എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇമിഗ്രേഷന് ശേഷം കള്ളക്കടത്തുകാരനെ പിടികൂടിയത്.

പാന്‍ മസാല എന്ന് പുറത്തെഴുതിയിരുന്ന കവറുകള്‍ക്കുള്ളില്‍ ആയിരുന്നു ഡോളറുകള്‍ ഒളിപ്പിച്ചിരുന്നത്. ഓരോ പാന്‍ മസാല പാക്കറ്റിലും 10 ഡോളറിന്റെ 2 ഷീറ്റുകള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തില്‍ നൂറുകണക്കിന് പായ്ക്കറ്റുകള്‍ നിറയെ ഡോളറുകള്‍ ഒളിപ്പിച്ച്‌ അത് ഒരു വലിയ ബാഗിനുള്ളില്‍ ആക്കി സൂക്ഷിച്ചാണ് ഇയാള്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്.

ഓരോ പാക്കറ്റിനുള്ളിലും പാന്‍ മസാല തരികള്‍ ഉള്ള ഒരു ചെറിയ പായ്ക്കറ്റും അതിനുള്ളില്‍ ഒരു നേര്‍ത്ത പോളിത്തീന്‍ ഷീറ്റിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ ഡോളറുകളും ആണ് ഉണ്ടായിരുന്നത്. പാക്കറ്റുകള്‍ക്ക് പുറത്ത് 'ശുദ്ധ് പ്ലസ്' എന്ന് എഴുതിയിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Related News