കോൺഗ്രസ് നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; പുനഃസംഘടനാ ചർച്ച മുഖ്യ അജണ്ട

  • 10/01/2023

സ്ഥാനാർഥിത്വ ചർച്ചകളിലൂടെ ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കൾ തീർത്ത ആശയക്കുഴപ്പത്തിനിടെ കോൺഗ്രസ് നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. പരസ്യ ചർച്ചകൾക്കും വിവാദ പ്രസ്താവനകൾക്കും വിൽക്കേർപ്പെടുത്തിയുള്ള തീരുമാനം നേതൃയോഗങ്ങളിൽ ഉണ്ടായേക്കും. പുനഃസംഘടനാ ചർച്ചകളാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. ലോക്സഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങേണ്ട സമയത്താണ് കോൺഗ്രസിൽ നിയമസഭാ സ്ഥാനാർഥിത്വ ചർച്ചകൾ അരങ്ങു തകർക്കുന്നത്. 

അസ്ഥാനത്തുണ്ടായ അനാവശ്യ ചർച്ചകളിലും പ്രസ്താവനകളിലും നേതൃത്വം കടുത്ത അമർഷത്തിലാണ്. ഇന്ന് ചേരുന്ന കെപിസിസി ഭാരവാഹി യോഗവും നാളെ ചേരുന്ന നിർവാഹക സമിതി യോഗവും വിഷയം ചർച്ച ചെയ്യും. പാർട്ടിയുടെ സാധ്യതകൾ കൊട്ടിയടക്കും വിധമുള്ള പ്രസ്താവനകളും ഇടപെടലും അവസാനിപ്പിക്കാൻ നേതൃത്വം നിർദേശം നൽകിയേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദേശം വരും. കെപിസിസി പുനസംഘടന വേഗത്തിലാക്കാനുള്ള ചർച്ചകളാകും നേതൃ യോഗത്തിന്റെ മുഖ്യ അജണ്ട.

ബ്ലോക്ക്, മണ്ഡലം പുനസംഘടന ഒരു മാസം കൊണ്ട് പൂർത്തിയാക്കി ഡിസിസി ഭാരവാഹികളേയും നിശ്ചയിക്കും. ഇതിനായി ജില്ലാ തലങ്ങളിൽ സബ് കമ്മറ്റികളെ ഉടൻ തീരുമാനിക്കും. ഫണ്ട് സമാഹരണത്തിനായുള്ള 138 രൂപാ ചലഞ്ചും ഭാരത് ജോഡോ യാത്രയുടെ അനുബന്ധ പ്രവർത്തനങ്ങളുമാണ് മറ്റു അജണ്ടകൾ. കെപിസിസി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണത്തെ തുടർന്നുണ്ടായ വിവാദവും കെപിസിസി ഓഫീസിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചുയർന്ന ആരോപണങ്ങളും നേതൃയോഗങ്ങളുടെ പരിഗണനക്ക് വരും.

Related News