അൽ റൊമാൻസിയ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയ സംഭവം: നിയമ നടപടിക്കൊരുങ്ങി അസോസിയേഷൻ

  • 10/01/2023

കാസർഗോട്ടെ അഞ്ജുശ്രീയുടെ മരണത്തെ തുടർന്ന് അൽ റൊമാൻസിയ ഹോട്ടലിനെതിരെ നടന്ന അതിക്രമത്തിൽ നിയമ നടപടിക്കൊരുങ്ങി കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷൻ. ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ് അസോസിയേഷന്റെ നിലപാട്.

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്ന് അല്ലെന്ന് വ്യക്തമായ പശ്ചാത്തലത്തിൽ നിലവിലെ നടപടികൾ അവസാനിപ്പിച്ച് ഹോട്ടൽ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവാദം നൽകണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. ശാസ്ത്രീയ പരിശോധന പൂർത്തിയാകുന്നതിന് മുമ്പുതന്നെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോട്ടലിനെതിരെ തെറ്റായ പ്രാചാരണം നടന്നത്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച തിടുക്കത്തിലുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ നിയമ നടപടി കൂടി സ്വീകരിക്കാനാണ് അസോസിയേഷന്റെ തീരുമാനം. അഞ്ജുശ്രീയുടെ മരണത്തിന് പിന്നാലെ അൽ റൊമാൻസിയ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. എന്നാൽ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനാലാണ് ഹോട്ടലിനെതിരെ നടപടിയെടുത്തതെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിശദീകരണം.

Related News