വഴിയിൽ കിടന്ന മദ്യം കഴിച്ച സംഭവം: മദ്യത്തിൽ ഫ്യൂരിടാൻ, അന്വേഷണം ഊർജിതമാക്കി പൊലീസ്

  • 11/01/2023

അടിമാലി: വഴിയില്‍ക്കിടന്നു കിട്ടിയ മദ്യം കഴിച്ചതിനെത്തുടര്‍ന്ന് മൂന്നുപേര്‍ അവശനിലയിലായ സംഭവത്തില്‍ ട്വിസ്റ്റ്. മദ്യകുപ്പിയില്‍ സിറിഞ്ചുവഴി വിഷം കലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പിയില്‍ ഉണ്ടായിരുന്നത് റമ്മാണെന്ന് ഇതിനകം സ്ഥിരീകിരച്ചിട്ടുണ്ട്. ഫ്യൂരിഡാനാണ് മദ്യത്തില്‍ കലര്‍ത്തിത്തിയിട്ടുള്ളതെന്നാണ് അനുമാനം. മദ്യത്തില്‍ വിഷം കലര്‍ത്തിയ ശേഷം കുപ്പിയില്‍ നീഡില്‍ കടത്തിയ ഭാഗം മെഴുകുവച്ച്‌ അടച്ചനിലയിലാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


ശത്രുവിനെ വകവരുത്താന്‍ ആരോ കരുതിക്കൂട്ടി ഒരുക്കിയ കെണിയില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ അകപ്പെടുകയായിരുന്നോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. വിഷം കലര്‍ത്തിയ ശേഷം മദ്യക്കുപ്പി ആരെങ്കിലും മനപ്പൂര്‍വ്വം റോഡില്‍ ഉപേക്ഷിച്ചതാണോ , മറ്റെവിടേയ്ക്കെങ്കിലും കൊണ്ടുപോകും വഴി അബദ്ധത്തില്‍ റോഡില്‍ വീണതാണോ എന്നിങ്ങിനെയുള്ള സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്.പ്രധാനമായും ഇതെക്കുറിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

മദ്യം കഴിച്ചതിനെത്തുടര്‍ന്ന് അടിമാലി കീരിത്തോട് മാടപ്പറമ്ബില്‍ മനോജ് (28), അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍(40),പുത്തന്‍പറമ്ബില്‍ അനു(38) എന്നിവരെയാണ് അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കേളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇവരെ കഴിഞ്ഞ ദിവസം വാര്‍ഡിലേയ്ക്ക് മാറ്റിയിരുന്നു. ഇവരുടെ ശാരീരിക അസ്വസ്തകള്‍ ഇപ്പോഴും കൂടിയും കുറഞ്ഞും തുടരുകയാണെന്നാണ് സൂചന.

മൂന്നുപേരും തടിപ്പണിക്കാരാണ്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഒപ്പം ജോലി ചെയ്തുവരുന്ന അടിമാലി അപ്സരകുന്ന് സ്വദേശി സുധീഷ് നല്‍കിയ മദ്യം കഴിച്ചെന്നും പിന്നാലെ ശാരീരിക അസ്വസ്തകള്‍ അനുഭവപ്പെട്ടെന്നുമാണ് മൂവരും ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത്. സുധീഷും തടപ്പണിക്കാരനാണ്.

തനിക്ക് വഴിയില്‍ക്കിടന്നു കിട്ടിയ മദ്യം മനോജിന് നല്‍കിയെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് സുധീഷ് പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പലവട്ടം സുധീഷിനെ ചോദ്യം ചെയ്തിരുന്നു .ഇപ്പോഴും ഇയാള്‍ പൊലീസ് നീരീക്ഷണത്തിലാണ്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് മൂവരെയും പ്രവേശിപ്പിച്ചത്. വിദഗ്ധ ചികത്സ ആവശ്യമായതിനാല്‍ പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.

Related News