നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച്‌ ചര്‍ച്ചകള്‍ വേണ്ട; എം പിമാർക്ക് മുന്നറിയിപ്പ് നൽകി കെ പി സി സി

  • 12/01/2023

തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച്‌ ചര്‍ച്ചകള്‍ വേണ്ടെന്ന് കെപിസിസി. ഇത് സംബന്ധിച്ച്‌ എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ച വേണ്ടെന്ന് നിര്‍ദ്ദേശിച്ച എ കെ ആന്‍റണി, ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്ന് ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. എം പിമാര്‍ക്ക് മടുത്തെങ്കില്‍ മാറിനില്‍ക്കാം എന്ന് എം എം ഹസ്സന്‍ പറഞ്ഞു.


ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷന്‍റെ മുന്നറിയിപ്പ്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത് വച്ചു പൊറുപ്പിക്കില്ലെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനി ചര്‍ച്ചയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാര്‍ പ്രകടിപ്പിച്ചതോടെ നേതൃത്വം പരുങ്ങലിലായിരിക്കുകയാണ്. സിറ്റിങ് എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂര്‍ തുറന്ന് പറഞ്ഞ് കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച്‌ സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഇങ്ങനെ രണ്ടേരണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. എന്നാല്‍, സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നതിനോട് മുഖം കറുപ്പിക്കുകയാണ് സംസ്ഥാന നേതൃത്വം.

Related News