വെള്ളക്കരത്തിലെ വർധനവ് ; ​ഗാർഹിക ഉപഭോക്താക്കൾക്ക് ചെലവ് കൂടും

  • 14/01/2023

സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ കൂട്ടിയത് ഗാർഹിക ഉപഭോക്താക്കൾക്ക് വെല്ലുവിളിയാകും. വാട്ടർ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടത് മുന്നണി യോഗം ഇന്നലെ അനുമതി നല്‍കിയിരുന്നു. ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനാണ് വെള്ളിയാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്. 

 ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയതെങ്കിലും ഫലത്തിൽ വൻവർധനവാണിത്. ഇതുപ്രകാരം 1000 ലിറ്റര്‍ വെള്ളത്തിന് 10 രൂപ കൂടും. ഗാർഹിക ഉപയോക്താക്കൾ നിലവിൽ 1000 ലീറ്ററിന് 4.41 രൂപയാണ് നൽകുന്നതെങ്കിൽ ഇനി 14.41 രൂപയായി ഉയരും.ശരാശരി 20000 ലിറ്റർ വെള്ളം ഉപയോഗിക്കുന്ന കുടുംബം ഇനിമുതൽ നിലവിലുള്ളതിൻറെ ഇരട്ടിയിലേറെ വില നൽകേണ്ടി വരും. സ്ലാബ് അനുസരിച്ചാകും നിരക്കിലെ വർധന. മന്ത്രിസഭായോഗമാണ് വർധനയിൽ അന്തിമ തീരുമാനമെടുക്കുന്നത്. ഉത്തരവിറങ്ങുമ്പോഴാണ് വർധനയെക്കുറിച്ച് വ്യക്തത വരൂ.

അതേസമയം വർധനവ് അധികഭാരമില്ലെന്നും പോസിറ്റീവായി കാണണമെന്നുമാണ് വെള്ളക്കര വർധനവിൽ മന്ത്രി റോഷി അഗസ്റ്റിൻറെ പക്ഷം. എന്നാൽ സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ കൂട്ടിയത് സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കൾക്ക് വൻഇരുട്ടടിയായിരിക്കുകയാണ്.

Related News