മകരജ്യോതി ദർശിച്ച് ഭക്തർ ; മകരവിളക്ക് കാണാനെത്തിയത് ജനസഹസ്രങ്ങൾ

  • 14/01/2023

ശബരിമല: ദർശനപുണ്യവുമായി ശബരിമലയിൽ മകരവിളക്ക് ദർശിച്ച് അയ്യപ്പഭക്തർ. ഭക്തസഹസ്രങ്ങൾ പൊന്നമ്പലമേട്ടിലേക്ക് ദർശനത്തിനായി ഒഴുകിയെത്തിയപ്പോൾ ശബരിമല കറുപ്പിൽ മുങ്ങി. പരിസരമെങ്ങും ശരണമന്ത്രങ്ങളാല്‍ മുഖരിതമായി. വൈകിട്ട് ആറരയോടു കൂടിയാണ് ശ്രീകോവിൽ നടതുറന്നത്. വൃത നിഷ്ടയോടെയും അനുഷ്ടാനങ്ങളോടെയും നാളുകൾ കാത്തുനിന്ന പതിനായിരങ്ങള്‍ ശരണം വിളികളോടെ കിഴക്കേ ചക്രവാളത്തിൽ ഉദിച്ചുയർന്ന മകര ജ്യോതിസിനെയും മകര നക്ഷത്രത്തെയും ദർശിച്ചു.
 

പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ വൻ വരവേൽപ്പോടെയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തിയത്. 
തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാം പടിയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, വി കെ ശ്രീകണ്ഠൻ എംപി, എംഎല്‍എമാരായ പ്രമോദ് നായരണന്‍, കെ യു ജിനീഷ് കുമാര്‍, ദേവസ്വം സെക്രട്ടറി കെ ബിജു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ് എസ് ജീവന്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി എസ് പ്രകാശ്, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു .തുടർന്ന് സോപാനത്തില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര്‌, മേല്‍ശാന്തി എസ്. ജയരാമൻ പൊറ്റി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് ശ്രീകോവിലില്‍ എത്തിച്ചശേഷം അയ്യപ്പസ്വാമിക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തിയ സമയത്താണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്.

മകരവിളക്ക് ദർശിക്കാൻ ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് സന്നിധാനത്ത്  തമ്പടിച്ചിരുന്നത്. ഇത് മുൻകൂട്ടിക്കണ്ട് അതീവ സുരക്ഷയൊരുക്കിയിരുന്നു. ഭക്തരുടെ തിരക്ക് മുന്നിൽകണ്ട് സന്നിധാനത്ത് വിവിധ സെക്ടറുകൾ ഉൾപ്പെടുന്ന രണ്ട് ഡിവിഷനുകളായി തിരിച്ച് രണ്ട് എസ്.പി.മാർക്ക് പ്രത്യേക ചുമതല നൽകിയിരുന്നു.  രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ളത്. ആറ് ഡിവൈ.എസ്.പിമാരെയും അധികമായി നിയോഗിച്ചിരുന്നു. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ വിവിധ കമാൻഡോ വിഭാഗങ്ങളും ഇതര സേനാ വിഭാഗങ്ങളും ഭക്തർക്ക് സുഗമമായ മകരജ്യോതി ദർശനത്തിനായുള്ള സൗകര്യമൊരുക്കാൻ സജ്ജരായിരുന്നു. ഏതായാലും തങ്ങളുടെ അയ്യനെ കൺനിറയെ കണ്ട ദർശന പുണ്യവുമായാണ് ഓരോ ഭക്തനും മലയിറങ്ങുന്നത്.


 

Related News