വഴിതെറ്റാതെ ഭാ​ഗ്യം ; സന്മനസിന് പ്രതിഫലം ഒരുകോടി

  • 15/01/2023

ഒരു ലോട്ടറിയടിച്ചിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുളളവരായിരിക്കും നമ്മളിൽ പലരും. ഭാ​ഗ്യദേവത ആരെ, എപ്പോഴാണ് കടാക്ഷിക്കുകയെന്ന് പ്രവചിക്കാൻ കഴിയില്ല. അപ്രതീക്ഷിത സമ്മാനങ്ങൾക്ക് എന്നും മധുരം അല്പം കൂടുതൽ തന്നെയാണ് എന്നു പറയുന്ന അതേ അനുഭവമായിരിക്കും ലോട്ടറിയുടെ രൂപത്തിൽ ഭാ​ഗ്യദേവത അനു​ഗ്രഹിച്ചപ്പോൾ ഈ മൂന്നു പേർക്കും ഉണ്ടായിരിക്കുക. ലോട്ടറി വിൽപനക്കാരനെ സഹായിക്കാനായി ടിക്കറ്റെടുത്ത മൂന്നുപേരെയാണ് ഭാഗ്യം തേടിയെത്തിയത്.

ലോട്ടറിക്കച്ചവടക്കാരനായ ലാലിനെ സഹായിക്കാനായി ഷാജി, പീറ്റർ ജോസഫ്, ധാരാസിങ് എന്നിവർ വാങ്ങിയ ടിക്കറ്റുകൾക്കാണ് ഭാഗ്യം കടാക്ഷിച്ചത്. ഷാജിയുടെ ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരുകോടി രൂപയും പീറ്ററിനും ധാരാസിങ്ങിനും 8000 രൂപ വീതവും സമ്മാനം ലഭിച്ചു.

പതിവുപോലെ പീറ്റർ ജോസഫിന്റെ തുടങ്ങനാടുള്ള ഓർക്കിഡ് ഹോട്ടലിൽ ചായകുടിക്കാൻ എത്തിയതായിരുന്നു ലാൽ. കൗണ്ടറിലെത്തിയപ്പോൾ ആ ദിവസം ടിക്കറ്റൊന്നും വിൽക്കാത്തതിന്‍റെ നിരാശ ലാൽ സുഹൃത്ത് കൂടിയായ പീറ്റർ ജോസഫിനോട് പറഞ്ഞു. ഇതുകേട്ട് പീറ്ററും ഹോട്ടലിലെ ജീവനക്കാരനായ നേപ്പാൾ സ്വദേശി ധാരാസിങ്ങും ഓരോ ടിക്കറ്റെടുത്തു. ഇതുകണ്ടുകൊണ്ട് വന്ന ഹോട്ടലിലെ മറ്റൊരു ജോലിക്കാരനായ ഷാജി രണ്ട് ടിക്കറ്റെടുത്തു. ലാലിന് ഒരു സഹായമാകട്ടെയെന്ന് മാത്രം കരുതിയാണ് ഇവരെല്ലാം ടിക്കറ്റെടുത്തത്.

ബുധനാഴ്ച വൈകിട്ടാണ് ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്തുവന്നത്. ഓർക്കിഡ് ഹോട്ടലിൽവെച്ച് തന്‍റെ കൈയിൽനിന്ന് ടിക്കറ്റെടുത്ത മൂന്നുപേർക്കും സമ്മാനമുണ്ടെന്ന വിവരം ലാലിന് മനസിലായി. ഷാജി എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപയും.20 വർഷമായി പീറ്ററിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് ഷാജി. സമ്മാനം ലഭിക്കുമെന്നോർത്ത് എടുത്ത ലോട്ടറിയല്ലെങ്കിൽക്കൂടി
അപ്രതീക്ഷിതമായി തങ്ങളെ തേടിയെത്തിയ ഭാ​ഗ്യത്തിന്റെ സന്തോഷത്തിലാണ് എല്ലാവരും.


Related News