റബര്‍ തോട്ടത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍ ; മരണത്തിൽ ദുരൂഹത

  • 16/01/2023


കോഴിക്കോട്: ബാലുശ്ശേരി തലയാട് റബർ തോട്ടത്തിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി പുല്ലാളൂർ അസീസിന്റെ ഭാര്യ സലീനയാണ് മരിച്ചത്. തലയാട് സെന്റ് ജോർജ് പള്ളിക്ക് സമീപമുള്ള റബർ തോട്ടത്തിലാണ് കത്തിക്കരിഞ്ഞ നിലയിൽ സലീനയുടെ മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം രാത്രി മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. മരിച്ചത് സലീനയാണെന്ന് ഇന്നാണ് തിരിച്ചറിഞ്ഞത്. സലീന കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് ഇറങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്. പള്ളിപ്പെരുന്നാളിന് എത്തിയവരാണ് യുവതിയെ തീ പടരുന്ന നിലയിൽ കണ്ടത്. എന്നാൽ ഓടിയെത്തിയപ്പോഴേക്കും ശരീരം പൂർണമായി കത്തിയമർന്നു.എന്നാൽ വീട്ടിൽനിന്നും 12 കിലോമീറ്ററോളം അകലെയുള്ള തലയാട്ടിൽ സലീന എന്തിനാണ് വന്നതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചിട്ടുണ്ട്.

Related News