റിപബ്ലിക് ദിനാഘോഷം: സംസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

  • 17/01/2023

2023ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുടര്‍ന്ന് അദ്ദേഹം റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുക്കും. ഇന്ത്യന്‍ ഭരണഘടന 1950 ജനുവരി 26നാണ് നിലവില്‍ വന്നത്. ഇതിന്റെ സ്മരണാര്‍ഥമാണ് ഈ ദിവസം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്.


സര്‍ക്കാരുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിനു ശേഷമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നത്. വിവിധ വിഷയങ്ങളിലുള്ള സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിന് ഒടുവില്‍ നിയമസഭയില്‍ നയപ്രഖ്യാപനത്തിന് ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നു. ഇതിന് ശേഷം റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ സല്‍ക്കാരം നടത്താന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനിക്കുകയും ചെയ്തു.

രാജ്ഭവന്‍ മുറ്റത്ത് പന്തലിട്ടാവും മന്ത്രിമാര്‍ക്ക് സല്‍ക്കാരം നടത്തുക. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഇന്നാണ് മടങ്ങിയെത്തുന്നത്. 23നാണ് നയപ്രഖ്യാപനം. നേരത്തെ ക്രിസ്മസ് ആഘോഷത്തിന് ഗവര്‍ണര്‍ ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ എത്തിയിരുന്നില്ല. 11 ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതിക്കുകയും അവ അസാധുവാകുകയും ചെയ്തതിനു പിന്നാലെ സര്‍ക്കാരുമായി ഉടക്കി കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ നടത്താറുള്ള സല്‍ക്കാര ചടങ്ങ് അവസാന നിമിഷം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു.

Related News