കേടായ നോട്ടുകള്‍ എടുക്കില്ലെന്ന് ബാങ്ക്; വൃത്തിയാക്കല്‍ ജോലിക്ക് ഒരുങ്ങി ദേവസ്വം ബോർഡ്, ശബരിമലയില്‍ കേടായവ മാത്രം ലക്ഷങ്ങളുടേത്

  • 18/01/2023

പത്തനംതിട്ട: ശബരിമലയില്‍ കാണിക്ക ഇനത്തില്‍ ലഭിച്ച നോട്ടുകളില്‍ കേടായവ മാത്രം ലക്ഷങ്ങളുടേത്. എണ്ണിമാറ്റിയതില്‍ നിന്നും കേടായ ഒരു ലക്ഷം രൂപ ബാങ്ക് ശാഖയിലേക്ക് മാറ്റിയെങ്കിലും ലക്ഷക്കണക്കിന് രൂപ ഇനിയുമുണ്ടെന്നാണ് വിവരം. കറപിടിച്ച്‌ നമ്ബറുകള്‍ മാഞ്ഞവ, ദ്രവിച്ചു പോയവ എന്നിവയെല്ലാം ഇതിലുണ്ട്. എണ്ണിമാറ്റാത്ത കഴിഞ്ഞ മണ്ഡലകാലം മുതലുള്ള കാണിക്കപ്പണവും ഇതിലുണ്ട്.


കേടായ നോട്ടുകള്‍ ബാങ്ക് നിരസിച്ചതിനെ തുടര്‍ന്ന് കറയും അഴുക്കും പിടിച്ച നോട്ടുകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കല്‍ ജോലികള്‍ക്ക് ഒരുങ്ങുകയാണ് ബോര്‍ഡ്. പഴയ ഭണ്ഡാരത്തില്‍ എണ്ണിത്തിട്ടപ്പെടുത്താതെ നശിച്ച ലക്ഷങ്ങളുടെ നോട്ടുകള്‍ മാറ്റിനല്‍കാനാവില്ലെന്ന് ധനലക്ഷ്മി ബാങ്ക് അറിയിച്ചിട്ടുണ്ട്. കറപിടിച്ചും ദ്രവിച്ചും നമ്ബറുകള്‍ മാഞ്ഞതിനാല്‍ യഥാര്‍ത്ഥമൂല്യം നല്‍കാന്‍ ആര്‍.ബി.ഐയുടെ മാനദണ്ഡം അനുവദിക്കുന്നില്ല.

ഇരുമുടിക്കെട്ട് നിറയ്ക്കുമ്ബോള്‍ വെറ്റിലയ്ക്കും അടയ്ക്കക്കുമൊപ്പം നോട്ടോ നാണയമോ രണ്ടുംചേര്‍ത്തോ തുണിയില്‍ കെട്ടിയാണ് കാണിക്കപ്പണം തയ്യാറാക്കുന്നത്. അഴിച്ച്‌ എണ്ണാനുള്ള സാവകാശമില്ലാത്തതിനാല്‍ അത് പഴയ ഭണ്ഡാരത്തിലേക്ക് മാറ്റിയതാണ് നോട്ടുകള്‍ നശിക്കാന്‍ കാരണമായത്. ഇതിനൊപ്പം സോപാനത്തെ കണ്‍വെയര്‍ ബെല്‍റ്റില്‍ നോട്ടുകള്‍ ഞെരുങ്ങിയും കേടുപാടുകള്‍ പറ്റുന്നുണ്ട്.

Related News