എല്‍ജെഡിയും ജെഡിഎസും ലയിക്കുന്നു; നേതൃസ്ഥാനങ്ങൾ തുല്യമായി പങ്കിടും

  • 18/01/2023

തിരുവനന്തപുരം: ഒടുവില്‍ നേതൃസ്ഥാനങ്ങള്‍ തുല്യമായി പങ്കിട്ട് ലയനവുമായി മുന്നോട്ട് പോകാന്‍ ഇടതുമുന്നണിയിലെ രണ്ട് കക്ഷികളായ എല്‍ജെഡിയും ജെഡിഎസും തീരുമാനിച്ചു. ഇത് പ്രകാരം മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റാവും. എംവി ശ്രേയാംസ് കുമാര്‍ ജെഡിഎസ് ദേശീയ സെക്രട്ടറിയുമാവും. ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ ഏഴെണ്ണം എല്‍ജെഡിയില്‍ നിന്നുള്ളവര്‍ക്ക് നല്‍കും.


ഏഴെണ്ണം ജെഡിഎസ് നേതാക്കളായിരിക്കും. ലയനത്തിന് ജെഡിഎസ് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി. ധാരണ പ്രകാരം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ പ്രസിഡന്റ് സ്ഥാനങ്ങള്‍ എല്‍ജെഡിക്കാവും. കോഴിക്കോട് ലോക്‌സഭ സീറ്റില്‍ അവകാശവാദം ഉന്നയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇടതുമുന്നണി വിട്ടത് എംപി വീരേന്ദ്രകുമാറായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം മാത്രമാണ് അദ്ദേഹത്തോടൊപ്പം പോയത്. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ജെഡി വീണ്ടും പഴയ ജെഡിഎസ് ആകാനൊരുങ്ങുന്നത്.

ഈ ലയനം നടന്നാല്‍ നിലവില്‍ വഹിക്കുന്ന പദവികളടക്കം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അവസാന നിമിഷം വരെ ലയനത്തെ എതിര്‍ത്തിരുന്നു. നേരത്തെ ദേശീയ തലത്തില്‍ എല്‍ജെഡി ശരത് യാദവിന്റെ ആര്‍ജെഡിയില്‍ ലയിച്ചിരുന്നു. എന്നാല്‍ ഈ ലയനത്തിന് കേരളത്തിലെ എല്‍ജെഡി ഘടകം തയ്യാറായില്ല. അവര്‍ വേറിട്ട് നിന്ന ശേഷം ഇപ്പോള്‍ ജെഡിഎസില്‍ ലയിക്കുകയായിരുന്നു.

Related News