പറവൂർ ഭക്ഷ്യവിഷബാധ: മനപ്പൂർവമുള്ള നരഹത്യക്ക് കേസെടുത്ത് പൊലീസ്

  • 19/01/2023

കൊച്ചി: പറവൂരിലുണ്ടായ ഭക്ഷ്യ വിഷബാധയിൽ പൊലീസ് കടുത്ത നടപടികളിലേക്ക്. ഭക്ഷ്യ വിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കിയ പൊലീസ് ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കം തുടങ്ങി. മജ്‌ലീസ് ഹോട്ടലിലുണ്ടായത് ഗുരുതരമായ വീഴ്ച്ചയാണെന്നും കർശന നടപടികളുണ്ടാവുമെന്നും ആലുവ എസ്.പി വിവേക് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗൗരവമുള്ള കേസെന്ന നിലയിലാണ് മനപൂർവമായ നരഹത്യ ശ്രമത്തിനുള്ള 308 വകുപ്പ് ചേർത്ത് കേസെടുത്തിട്ടുള്ളതെന്ന് എസ് പി പറഞ്ഞു. ഹോട്ടലിലെ മുഖ്യ പാചകക്കാരൻ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ബാക്കി ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്തു വരുന്നു. നഗരസഭയിലെ രേഖ പ്രകാരം വെടിമറ സ്വദേശി സിയാദുൽ ഹഖ് എന്നയാളാണ് ഹോട്ടലിൻറെ ഉടമ. ഒളിവിലുള്ള ഇയാളെ പെട്ടന്ന് തന്നെ കണ്ടെത്തുമെന്നും എസ് പി പറഞ്ഞു.

നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെയും പരിശോധന നടത്തിയെങ്കിലും കാര്യമായ പിഴവുകൾ കണ്ടെത്തിയില്ല. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് സഹകരണ സ്ഥാപനത്തിൻറെ കാൻറീനും യുവമോർച്ച പ്രതിഷേധത്തെ തുടർന്ന് താലൂക്ക് ആശുപത്രി കാൻറീനും ഇന്നലെ ആരോഗ്യവകുപ്പ് അടപ്പിച്ചു. ലൈസൻസില്ലാതെയാണ് സഹകരണ സ്ഥാനത്തിൻറെ കാൻറീൻ പ്രവർത്തിച്ചിരുന്നത്. ശവപ്പെട്ടി സൂക്ഷിച്ചതിനെ തുടർന്നാണ് ആശുപത്രി കാൻറീനെതിരെ പരാതി ഉയർന്നത്.

Related News