പെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റുകൾ നഷ്ടപ്പെട്ടതിൽ അന്വേഷണം തുടങ്ങി കളക്ടർ

  • 19/01/2023

മലപ്പുറം: പെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റുകൾ നഷ്ടപ്പെട്ടതിൽ മലപ്പുറം കളക്ടർ അന്വേഷണം തുടങ്ങി. അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളിൽ വിശദ റിപ്പോർട്ട് നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.സ്‌പെഷ്യൽ തപാൽ ബാലറ്റ് പെട്ടികൾ സൂക്ഷിച്ചതിലെ പാളിച്ചകൾ ഉദ്യോഗസ്ഥ വീഴ്ചയെന്ന വിവരങ്ങളാണ് ആദ്യം പുറത്തു വന്നതെങ്കിൽ പെട്ടി തുറന്നു എന്ന കണ്ടെത്തൽ സഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുകയാണ്.

ആദ്യം സൂക്ഷിച്ച പെരിന്തൽമണ്ണ ട്രഷറിയിൽ നിന്നാണോ പിന്നീട് എത്തിച്ച മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാൻ ഓഫീസിൽ വച്ചാണോ പെട്ടി തുറന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്.പെട്ടിയിൽ നിന്നും കാണാതായ ബാലറ്റുകൾ പൊതിഞ്ഞ സാമഗ്രികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ ജോയിന്റ് രജിസ്റ്റാൻ ഓഫീസിൽ നിന്നും കണ്ടെത്തിയെങ്കിൽപ്പോലും ഇക്കാര്യത്തിൽ ഒരു വ്യക്തത വരേണ്ടതുണ്ട്.രണ്ട് ഓഫീസുകളിലേയും ഉദ്യോഗസ്ഥരുടെ മൊഴി വിശദമായെടുക്കും. സിസി ടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിക്കാനാണ് നീക്കം.

കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നാല് ജീവനക്കാർ ഇതുവരെ കലക്ടർക്ക് ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല. ഇതും കൂടി ഉൾപ്പെടുത്തിയാകും റിപ്പോർട്ട് തയ്യാറാക്കുക.പെരിന്തൽമണ്ണ ട്രഷറിയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും സഹകരണ ജോയിന്റ് രജിസ്റ്റാൻ ഓഫീസിലെ ഉത്തരവാദികളായ ജീവനക്കാരക്കെതിരെ നടപടി തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരി 10 നാണ് പെരിന്തൽമണ്ണ ട്രഷറിയിൽ നിന്നും നശിപ്പിക്കാൻ വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പ് വസ്തുക്കളെന്ന ധാരണയിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്‌പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികളിലൊന്ന് മലപ്പുറം സഹകരണ രജിസ്റ്റാൻ ഓഫീസിലേക്ക് മാറ്റിയത്.

Related News