നഷ്ടം ഈടാക്കൽ: പോപ്പുലർ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ സ്ഥലം ജപ്തി ചെയ്തു

  • 20/01/2023

പോപ്പുലർ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫിന്റെ സ്ഥലം ജപ്തി ചെയ്തു. പട്ടാമ്പി ഓങ്ങല്ലൂരിലെ പത്ത് സെന്റ് സ്ഥലമാണ് ജപ്തി ചെയ്തത്. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്തു തുടങ്ങിയിരുന്നു. മിന്നൽ ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാനാണ് ജപ്തി. ജപ്തി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജപ്തി നടപടികൾക്ക് സർക്കാർ ഉത്തരവിറക്കിയത്.


പാലക്കാട് ജില്ലയിൽ 16 പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്തു. പട്ടാമ്പിയിൽ അഞ്ച് പേരുടെ സ്ഥലവും ജപ്തി ചെയ്തു. കോട്ടയം ജില്ലയിൽ കണ്ടു കെട്ടിയത് 5 പേരുടെ സ്വത്തുക്കളാണ്. മീനച്ചിൽ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജിൽ 3 പേരുടെ സ്വത്തുക്കളും, കാഞ്ഞിരപ്പള്ളി , ചങ്ങനാശേരി താലൂക്കുകളിലായി ഓരോരുത്തരുടെ സ്വത്തുക്കളും കണ്ടു കെട്ടി.

ഇടുക്കിയിലും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടി. തൊടുപുഴ, ഉടുമ്പഞ്ചോല, ദേവികുളം തലൂക്കുകളിലായി ആറു പേരുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. കാസർഗോട്ട് പിഎഫ്‌ഐ നേതാക്കളായ നങ്ങാറത്ത് സിറാജുദീൻ, മുൻ ജില്ലാ പ്രസിഡന്റ് ആയിരുന്ന സി.ടി സുലൈമാൻ, ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി അബ്ദുൽ സലാം, ആലമ്പാടി സ്വദേശി ഉമ്മർ ഫാറൂഖ് എന്നിവരുടെ സ്വത്തു വകകൾ കണ്ടുകെട്ടി.

കോഴിക്കോട് ജില്ലയിൽ ജപ്തി നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 16 പേർക്ക് നോട്ടിസ് നൽകി. കോഴിക്കോട്, താമരശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലായി 23 വ്യക്തികളുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടാനുള്ളത്.

Related News