ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്ബന്‍ പിടി സെവനെ മയക്കുവെടിവെച്ചു

  • 21/01/2023

പാലക്കാട് : ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്ബന്‍ പിടി സെവനെ (ടസ്കര്‍ ഏഴാമനെ) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൌത്യ സംഘമാണ് ധോണിയിലെ കോര്‍മ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.


വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാന്‍ 30 മിനിറ്റ് സമയം വേണം. മയക്കം തുടരാന്‍ ബൂസ്റ്റര്‍ ഡോസും നല്‍കും. ഇനിയുള്ള 45 മിനുട്ട് നിര്‍ണായകമാണെന്ന് വനംവകുപ്പ് അറിയിച്ചു. ഉള്‍ക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം. മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാന്‍ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രന്‍ എന്നീ മൂന്ന് കുങ്കിയാനകളെയാണ് പിടി സെവനെ മെരുക്കാന്‍ കാട്ടിലുണ്ടായിരുന്നത്.

മയക്കുവെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്ബില്‍ നിന്നും വനത്തിലേക്ക് തിരിച്ചു. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാന്‍ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Related News