പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിലെ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കൽ; ജപ്തി നടപടികൾ പൂർത്തിയായി

  • 22/01/2023

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിലെ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാന്‍ സംസ്ഥാന വ്യാപകമായി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും 236 സ്വത്തുക്കള്‍ ജപ്തി ചെയ്തു. രണ്ടു ദിവസമായി നടന്ന നടപടികള്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പൂര്‍ത്തിയായി. ജപ്തി ചെയ്ത ഭൂമിയുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ജപ്തി 126. തിരൂര്‍ താലൂക്കില്‍ മാത്രം 43 പേരുടെ സ്വത്ത് ജപ്തി ചെയ്തത്. കോഴിക്കോട്ട് 23ഉം,പാലക്കാട്ട് 16ഉം,തൃശൂരില്‍ 15ഉം വയനാട്ടില്‍ 14ഉം പേരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. നടപടികള്‍ പൂര്‍ത്തിയായതിന്റെ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പിന് ഉടന്‍ കൈമാറും. 23 ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. സ്വത്തുക്കളുടെ ലേലം കോടതി ഉത്തരവ് അനുസരിച്ചാകും.

അതേസമയം മലപ്പുറത്ത് എടരിക്കോട് പഞ്ചായത്തിലെ ലീഗ് മെമ്ബര്‍ സി.ടി.അഷ്റഫിനും അങ്ങാടിപ്പുറത്ത് പി.എഫ്.ഐ ബന്ധമില്ലാത്ത രണ്ട് പേര്‍ക്കും ജപ്തി നേരിടേണ്ടി വന്നു. പേരിലെ സാമ്യം കൊണ്ട് പിഴവ് പറ്റിയെന്നാണ് വിവരം.

Related News