പിടി സെവന്‍ ഇനി അറിയപ്പെടുക 'ധോണി' എന്ന പേരിൽ; പുതിയ പേരിട്ട് മന്ത്രി

  • 22/01/2023

പാലക്കാട്: നാല് വര്‍ഷമായി പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്ബന്‍ പാലക്കാട്‌ ടസ്കര്‍ സെവന് (പിടി 7) വനം മന്ത്രി എ കെ ശശീന്ദ്രന്‍ പുതിയ പേരിട്ടു. ധോണി എന്ന പേരിലാണ് പിടി സെവന്‍ ഇനി അറിയപ്പെടുക.


നാല് വര്‍ഷമായി ധോണി പ്രദേശത്തിന്റെ വിറപ്പിച്ച കാട്ടുകൊമ്ബനെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇന്ന് പിടികൂടിയത്. 72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മൂന്നിന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ടാണ് വനത്തില്‍ നിന്ന് ധോണി ക്യാമ്ബില്‍ എത്തിച്ചത്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറും അമ്ബത് മീറ്റര്‍ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിര്‍ക്കുകയായിരുന്നു.

ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ നാല് വര്‍ഷം നാശമുണ്ടാക്കിയ കൊമ്ബനാണ് ഒടുവില്‍ പിടിയിലായത്. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമന്‍ ആണ് കൊല്ലപ്പെട്ടത്. 2022 നവംബര്‍ മുതല്‍ ഇടവേളകള്‍ ഇല്ലാതെ വിലസുകയായിരുന്ന പിടി 7 ഇപ്പോള്‍ ധോണി ക്യാമ്ബില്‍ 140 യൂക്കാലിപ്സ് മരം കൊണ്ട് ഉണ്ടാക്കിയ കൂട്ടിലായതിന്‍റെ ആശ്വാസത്തിലാണ് ഇപ്പോള്‍ ധോണിക്കാര്‍. കാട്ടില്‍ മദിച്ച്‌ നടന്ന കാട്ടാനയ്ക്ക് ഇനി ചിട്ടയുടെ കാലമാണ്.

Related News