പളനിയിൽ പോകാൻ നേർച്ച ചോദിച്ച് വീട്ടിലെത്തി, വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്ന വിദ്യാർത്ഥിനിയെ കടന്ന് പിടിച്ചു; ഓടി രക്ഷപെട്ടു വിദ്യാർത്ഥിനി

  • 22/01/2023

തിരുവനന്തപുരം: പളനിയില്‍ പോകാന്‍ നേര്‍ച്ച കാശിനു എത്തിയ ആള്‍ വീട്ടില്‍ തനിച്ചുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചു. അക്രമിയെ തള്ളിമാറ്റി പെണ്‍കുട്ടി അയല്‍വീട്ടിലെത്തി കാര്യം അറിയിച്ചു. ഇതിനിടയില്‍ ഓടി രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. പ്രതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പട്ടാപ്പകല്‍ ആണ് ഇത്തരത്തിലൊരു ആക്രമണം നടന്നിരിക്കുന്നത്. ഹോളി ഏഞ്ചല്‍സ് സ്കൂളിന് സമീപമാണ് സംഭവം. ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അക്രമ ശ്രമം നടന്നത്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. മോഡല്‍ പരീക്ഷയായതിനാല്‍ വീട്ടില്‍ കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12:30 മണിയോടെ പഴനിയില്‍ പോകാന്‍ നേര്‍ച്ചക്കാശിനെന്നു പറഞ്ഞാണ് ഒരാള്‍ വീടിന്‍റെ വാതിലില്‍ മുട്ടിയത്. ഇയാളുടെ കൈയിലൊരു തട്ടത്തില്‍ കുറെ ഭസ്മവും ഉണ്ടായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുട്ടി, ഇയാള്‍ നെറ്റിയില്‍ കുറി തൊടാനെന്ന ഭാവത്തില്‍ അടുത്ത് വന്നപ്പോള്‍ പുറത്തിറങ്ങാന്‍ ആവശ്യപെട്ടു. പൊടുന്നനെ ഇയാള്‍ കുട്ടിയുടെ രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ആദ്യം ഒന്ന് പേടിച്ച കുട്ടി പക്ഷേ ധൈര്യം കൈവിടാതെ അക്രമിയെ തള്ളിമാറ്റി ഇറങ്ങി ഓടി അടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞു. ഇതിനോടകം അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. സമീപത്തെ സി സി ടി വി ക്യാമറയില്‍ ഓടി രക്ഷപ്പെടുന്ന അക്രമിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ വീട്ടുകാര്‍ വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊ‌ര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Related News