കെ.ആര്‍ നാരായണന്‍ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു

  • 23/01/2023

കോട്ടയം: കെ.ആര്‍ നാരായണന്‍ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു നേരിട്ടെത്തി വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് 51 ദിവസം നീണ്ട സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. സ്ഥാപനത്തിന് പുതിയ ഡയറക്ടറെ ഉടന്‍ കണ്ടെത്തുമെന്നും നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തുമെന്നും മന്ത്രി അറിയിച്ചു.


ഡയറക്ടറുടെ വസതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്കായി നിയോഗിക്കില്ല. സ്ഥാപനത്തില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്നും വിദ്യാര്‍ത്ഥി ക്ഷേമ സമിതി എന്ന പേരില്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരുടെ പരാതി പരിഹാരത്തിനായി സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡിപ്ലോമ കോഴ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനകം പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാര്‍ച്ച്‌ 30ന് ഉള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

ബൈ ലോയിലെ വിദ്യാര്‍ത്ഥി വിരുദ്ധമായ വ്യവസ്ഥകള്‍ ഒഴിവാക്കും. ജാതി വിവേചന ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചു തുടര്‍നടപടി എടുക്കുമെന്നും ഇനിയും പ്രശ്നങ്ങള്‍ കലുഷിതമാക്കേണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പഠനം തുടരട്ടേയെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അറിയിച്ചു. നിരവധി പേരാണ് സമരത്തിന് പിന്തുണ നല്‍കിയതെന്നും എല്ലാവര്‍ക്കും നന്ദിയറിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

Related News