ബിബിസി ഡോക്യുമെന്ററി: സംസ്ഥാനത്ത് സിപിഎം ബോധപൂര്‍വ്വ വിവാദമുണ്ടാക്കാൻ ശ്രമം നടത്തുന്നുവെന്ന് എംടി രമേശ്

  • 24/01/2023

കണ്ണൂര്‍: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി ഇന്ത്യ ദി മോദി ക്വസ്റ്റ്യനുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാന്‍ സംസ്ഥാനത്ത് സിപിഎം ബോധപൂര്‍വ്വ ശ്രമം നടത്തുന്നുവെന്ന് ബിജെപി നേതാവ് എംടി രമേശ്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അപകീര്‍ത്തി പെടുത്താനുള്ള ശ്രമമാണ് ഡോക്യുമെന്ററിയെന്നും അദ്ദേഹം വിമര്‍ശിച്ചു.


രാജ്യത്തോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും ഈ വിഷയത്തിലെ നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നത് സംഘര്‍ഷമുണ്ടാക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണ്. ജുഡീഷ്യല്‍ സംവിധാനത്തേയും രാഷ്ട്രത്തിന്റെ പരമാധികാരത്തെയും അവര്‍ വെല്ലുവിളിക്കുകയാണ്. ഡിവൈഎഫ്‌ഐക്ക് കൊടിയില്‍ മാത്രമല്ല വെള്ളനിറമുള്ളത്. അവര്‍ക്ക് വെള്ളക്കാരന്റെ മനസുമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണം. സുപ്രീം കോടതി തള്ളിയ കേസാണ്. ഇതിന് സംസ്ഥാനത്തെ മുഖ്യമന്ത്രി പിന്തുണ നല്‍കുകയാണോ? സംഘര്‍ഷമുണ്ടായാല്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്നും എംടി രമേശ് പറഞ്ഞു.

അതിനിടെ കണ്ണൂരില്‍ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുന്നതിനെതിരെ ബി ജെ പി ജില്ലാ പ്രസിഡണ്ട് പൊലീസില്‍ പരാതി നല്‍കി. മാങ്ങാട്ടുപറമ്ബിലെ ഡോക്യുമെന്ററി പ്രദര്‍ശനം തടയണമെന്നാണ് ആവശ്യം. സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രദര്‍ശനം നിരോധിക്കണമെന്നാണ് ആവശ്യം. പ്രദര്‍ശനത്തിലൂടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമമെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. പൊലീസ് തടയുന്നില്ലെങ്കില്‍ ബി ജെ പിക്ക് അതിനു സംവിധാനമുണ്ടെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.

Related News