15,000 കോഴി മുട്ടകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

  • 24/01/2023

കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നും മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന 75000 രൂപ വിലവരുന്ന 15,000 കോഴി മുട്ടകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ തെക്കേ കോയിക്കല്‍ പീറ്റര്‍ സൈമണ്‍ എന്ന സനു (42) മങ്ങോട്ട് വയല്‍ ഇല്ലത്ത് കിഴക്കയില്‍ മീത്തല്‍ അര്‍ജുന്‍ കെ വി (32) എന്നിവരെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.


പുലര്‍ച്ചെ മാര്‍ക്കറ്റില്‍ എത്തിക്കേണ്ട കോഴിമുട്ടകളുമായി അര്‍ദ്ധരാത്രിയില്‍ കോഴിക്കോട് നഗരത്തില്‍ ഗുഡ്‌സ് ഓട്ടോയില്‍ എത്തിയ ഡ്രൈവര്‍ അറിയാതെയാണ് പ്രതികള്‍ മോഷണം നടത്തിയത്. വാഹനം വെസ്റ്റ്ഹില്‍ ഭാഗത്ത് റോഡരുകില്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ കുറച്ച്‌ ദൂരം മാറി വിശ്രമിക്കുന്ന വേളയില്‍ മറ്റൊരു പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ വന്ന പ്രതികള്‍ മുട്ടകള്‍ ഗുഡ്‌സ് ഓട്ടോറിക്ഷ സഹിതം മോഷ്ടിക്കുകയായിരുന്നു.

ഗുഡ്‌സ് ഓട്ടോറിക്ഷ വിജനമായ സ്ഥലത്ത് കൊണ്ട് പോയ ശേഷം വണ്ടിയില്‍ നിന്നും മുട്ടകള്‍ പല സമയങ്ങളിലായി പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ കയറ്റി കച്ചവടം നടത്തുകയായിരുന്നു.

കോഴിക്കോട് നഗരത്തില്‍ തന്നെയുള്ള വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലുമായി ചുരുങ്ങിയ വിലക്ക് മുട്ടകള്‍ വില്‍ക്കുകയായിരുന്നു. മൊബൈല്‍ ഫോണുകളും മറ്റും ഉപയോഗിക്കാതെ വളരെ ആസൂത്രിതമായി കളവുകള്‍ നടപ്പിലാക്കിയ പ്രതികളെ നിരവധി സി സി ടിവികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയുടെയും, സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.

Related News