ശസ്ത്രക്രിയ നടത്തിയിട്ടും കണ്ടുകിട്ടിയില്ല; 8 വയസുകാരന്റെ കാലിൽ തറച്ച മുള്ള് കണ്ടെടുത്തത് പിതാവ്

  • 24/01/2023

വയനാട്: ശസ്ത്രക്രിയ നടത്തിയിട്ടും കണ്ടുകിട്ടാതിരുന്ന എട്ട് വയസുകാരന്റെ കാലില്‍ തറച്ചുകയറിയ മുള്ള് പിതാവ് പുറത്തെടുത്തു. വയനാട് അഞ്ചുകുന്ന് മങ്കാണി കോളനിയിലെ രാജന്‍-വിനീത ദമ്ബതികളുടെ മകന്‍ നിദ്വൈതിനാണ് ഈ ദുരവസ്ഥയുണ്ടായത്.


കളിക്കുന്നതിനിടെ മുള്ള് തറച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നാം തീയതിയാണ് നിദ്വൈതിനെ മാന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അന്ന് മരുന്ന തന്ന് വിട്ടെങ്കിലും വേദന കുറയാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. എന്നാല്‍ കാര്യമായ ചികിത്സ ഇവിടെ നിന്നും ലഭിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

അവസാനം എക്സ്‌റെ എടുത്തപ്പോള്‍ കാലില്‍ എന്തോ തറച്ചിരിപ്പുണ്ടെന്നും അത് എടുക്കാന്‍ ആശുപത്രിയില്‍ സംവിധാനമില്ലെന്നും ചൂണ്ടിക്കാട്ടി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തു. 10ന് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും 11ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാല്‍ ഡോക്ടറര്‍മാര്‍ക്ക് കുട്ടിയുടെ കാലില്‍ തറച്ചിരുന്ന മുള്ള് കണ്ടെത്താനായില്ല.

17ന് വീട്ടിലെത്തിയ കുട്ടിക്ക് വേദന കൂടിയതോടെ പിതാവ് രാജന്‍ കാലിലെ കെട്ട് അഴിച്ച്‌ പരിശോധിച്ചപ്പോള്‍ ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് നിന്നും അല്‍പം മാറി പഴുപ്പും ഒരു കറുത്ത വസ്തു പുറത്തേക്ക് തള്ളിനില്‍ക്കുന്നതും കണ്ടു. പഴുപ്പ് തുടച്ച്‌ നീക്കിയ ശേഷം കത്രിക ഉപയോഗിച്ച്‌ തള്ളി നിന്ന വസ്തു ഇളക്കി നോക്കിയപ്പോള്‍ ഒന്നര സെന്റീമീറ്റര്‍ നീളമുള്ള മുള്ളാണ് കണ്ടെത്തിയത്. തുടര്‍ന്ന് മുള്ള് കണ്ടെത്തിയ ഭാഗത്തല്ല ശസ്ത്രക്രിയ നടത്തിയതെന്ന് കണ്ടെത്തി. ഇരുമെഡിക്കല്‍ കോളജുകളിലേയും അനാസ്ഥ ചൂണ്ടിക്കാട്ടി പിതാവ് രാജന്‍ പരാതി നല്‍കി.

Related News