കെ.വി.തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു; ബുധനാഴ്ച ഡല്‍ഹിയിലേക്ക്

  • 24/01/2023

തിരുവനന്തപുരം: ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ കെ.വി.തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ബുധനാഴ്ച ഡല്‍ഹിക്കു പോകും. റിപ്പബ്ലിക് ദിനത്തില്‍ കേരള ഹൗസില്‍ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തും.


കേരളത്തിന്റെ ആവശ്യങ്ങളായി കേന്ദ്ര സര്‍ക്കാരിനു മുമ്ബാകെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രളയകാലത്ത് കേന്ദ്രം നല്‍കിയ അരിക്ക് വിലയാവശ്യപ്പെട്ടതും കിഫ്ബിവഴി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടത്തില്‍ കണക്കാക്കുന്നതും ചര്‍ച്ചാവിഷയമായി. ദേശീയപാത വികസനത്തിന് സംസ്ഥാനവും വിഹിതം വഹിക്കണമെന്ന കേന്ദ്രനിലപാട് സംസ്ഥാനത്തിന് തിരിച്ചടിയാണ്.

എയിംസ് അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യവും കെ.വി.തോമസ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. മുന്‍ഗാമി എ.സമ്ബത്ത് ഉപയോഗിച്ചിരുന്ന മുറിയായിരിക്കും കേരള ഹൗസില്‍ കെ.വി.തോമസ് ഉപയോഗിക്കുക.

Related News