സൗജന്യ അന്നദാനം, ഉത്സവം അടക്കം പരിപാടികളിൽ ഭക്ഷ്യ പാനീയ വിതരണം നടത്താൻ ഫുഡ് സേഫ്റ്റി അനുമതി നിര്‍ബന്ധിമാക്കി സർക്കാർ

  • 26/01/2023

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെ തിരുവനന്തപുരം നഗരത്തിലെ ഉത്സവങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി അനുമതി നിര്‍ബന്ധിമാക്കി. സൗജന്യ അന്നദാനം, ഭക്ഷ്യ പാനീയ വിതരണം എന്നിവ നടത്തുന്ന വ്യക്തികളും സംഘടനകളും അനുമതി എടുക്കണം. ഇല്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. അടുത്ത മാസം 27 മുതല്‍ മാര്‍ച്ച്‌ എട്ട് വരെയാണ് ഈ നിര്‍ദേശം നിലനില്‍ക്കുക.


അതേസമയം, സംസ്ഥാനത്ത് എഫ് എസ് എസ് ആക്‌ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ നിയമ പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഭക്ഷ്യ സുരക്ഷാ പരീശീലനം (Fostac) നേടേണ്ടതാണ്.

അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്ബോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം (Fostac) നേടണം. ശാസ്ത്രീയ പരിശീലനത്തിലൂടെ ഭക്ഷ്യ സുരക്ഷയെപ്പറ്റിയറിയാനും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനും കഴിയും. മാത്രമല്ല ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.

Related News