പശുവിന് സിസേറിയനിലൂടെ പിറന്നത് ഇരട്ട തലയും ഇരട്ട വാലും ഉള്ള പശുക്കുട്ടി; അപൂർവം

  • 27/01/2023

തിരുവനന്തപുരം: മലയിന്‍കീഴില്‍ പശുവിന് സിസേറിയനിലൂടെ പിറന്നത് ഇരട്ട തലയും ഇരട്ട വാലും ഉള്ള പശുക്കുട്ടി. പേയാട് തച്ചോട്ടുകാവിലെ ശശീധരന്‍ എന്ന ക്ഷീരകര്‍ഷകന്റെ പശുവാണ് അപൂര്‍വ്വ പശുക്കുട്ടിയെ പ്രസവിച്ചത്. പശുക്കുട്ടി ഗര്‍ഭാവവസ്ഥയില്‍ തന്നെ ചത്തുപോയിരുന്നു.


വ്യാഴാഴ്ച അതിരാവിലെ മുതല്‍ പശുവിന് പ്രസവവേദന ആരംഭിച്ചിരുന്നു. പശുവിന്റെ മൂന്നാമത്തെ പ്രസവം ആയിരുന്നു. ഏഴ് മണിയായിട്ടും പ്രസവം നടക്കാതെ വന്നപ്പോഴാണ് ശശിധരന്‍ പരിചയക്കാരനും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. വേണുഗോപാലിനെ വിളിച്ചു വരുത്തിയത്.

അതിസങ്കീര്‍ണമാണെന്ന് കണ്ടെത്തിയത്തിനെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വെറ്ററിനറി സര്‍ജന്‍ ഡോ.എ കെ അഭിലാഷ്, തിരുപുറം വെറ്ററിനറി ഡിസ്പെന്‍സറിയിലെ ഡോ. എസ് ബിജേഷ് എന്നിവരെ കൂടി വിളിച്ചു വരുത്തി. സിസേറിയന്‍ ശാസ്ത്രക്രിയ ചെയ്യേണ്ടതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി.

രാവിലെ 10ന് ആരംഭിച്ച ശസ്ത്രക്രിയ രണ്ടോടെ അവസാനിപ്പിച്ചപ്പോള്‍ ഗര്‍ഭാവവസ്ഥയില്‍ തന്നെ ചത്തുപോയ രണ്ടു തലയും രണ്ടു വാലും ഉള്ള രൂപത്തെയാണ് പുറത്തെടുത്തത്. ജന്മനാ ഇത്തരം ശാരീരിക വൈകല്യങ്ങള്‍ ഉള്ള പൈക്കുട്ടികള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണെന്ന് ഡോ. ആര്‍ വേണുഗോപാല്‍ പറഞ്ഞു.

Related News