സംഭരിച്ച നെല്ലിന് വിലയില്ല; കുട്ടനാട്ടിലെ അഞ്ച് പാടശേഖരങ്ങളിലെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു

  • 29/01/2023

ആലപ്പുഴ: കുട്ടനാട്ടിലെ അഞ്ച് പാടശേഖരങ്ങളിലെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. സംഭരിച്ച നെല്ലിന് സര്‍ക്കാര്‍ പണം നല്കാന്‍ വൈകുന്നതും കനത്ത ചെലവുമാണ് ഇതിന് കാരണം. ആയിരത്തോളം ഏക്കറില്‍ ഇനി കൃഷിയിറക്കേണ്ടെന്നാണ് കര്‍ഷകരുടെ തീരുമാനം. വര്‍ഷങ്ങളായി പാടത്ത് പൊന്ന് വിളയിച്ച ഇവരില്‍ ചിലര്‍ ഇപ്പോള്‍ കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി.


ഇന്നലെ വരെ സ്വന്തം പാടശേഖരത്തില്‍ വിയര്‍പ്പൊഴുക്കിയ തകഴി കുന്നുമ്മ സ്വദേശി സുനിലടക്കമുള്ളവരുടെ സ്ഥിതിയാണിത്. സ്വന്തമായി രണ്ടേക്കര്‍ പാടശേഖരമുണ്ട് സുനിലിന്. വട്ടിപ്പലിശക്ക് വായ്പ വാങ്ങി കഴിഞ്ഞ വര്‍ഷവും കൃഷിയിറക്കി. രണ്ട് മാസം മുന്‍പ് മില്ലുടമകള്‍ 38 ക്വിന്‍റല്‍ നെല്ലും കൊണ്ടു പോയി. ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്. ഇതുവരെ ഒരു പൈസ പോലും അക്കൗണ്ടില്‍ എത്തിയിട്ടില്ല. വായ്പ തന്നവര്‍ വീടിന്റെ വാതിലില്‍ മുട്ടുന്ന സ്ഥിതിയാണ്. നഷ്ടം സഹിച്ച്‌ എന്തിന് കൃഷിയിറക്കണം എന്നാണ് സുനിലിന്‍റെ ചോദ്യം.

തകഴിയില്‍ സുനിലടക്കം അഞ്ച് പാടശേഖരങ്ങളില്‍ നിന്നായി 800 ഓളം കര്‍ഷകരാണ് മനം മടുത്ത് കൃഷി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നത്. കുന്നുമ്മ പടിഞ്ഞാറ് വശം, കരിയാര്‍ മുടിയിലക്കരി , മുക്കട കിഴക്ക് വശം , തറയക്കരി - , നാനൂറാം പടവ് -. എല്ലാ പാടശേഖരങ്ങളിലുമായി ആയിരത്തോളം ഏക്കര്‍ കൃഷിഭൂമിയുണ്ട്. ആകെ എണ്ണൂറിലേറെ കര്‍ഷകരും.

ഇവരില്‍ മുന്നൂറോളം പേര്‍ പട്ടികജാതി പട്ടിക വിഭാഗക്കാരാണ്. ഉയര്‍ന്ന ഉല്‍പ്പാദന ചെലവും തൊഴില്‍ കൂലിയുമാണ് കര്‍ഷകരെ പിന്നോട്ട് വലിക്കുന്ന മറ്റൊരു കാരണം. വളത്തിന്റെയും കീടനാശിനിയുടെയും വില കുതിച്ചുയര്‍ന്നതും വായ്പകള്‍ക്ക് ഈടാക്കുന്ന കഴുത്തറപ്പന്‍ പലിശയും പ്രതിസന്ധി ഉയര്‍ത്തുന്നു. സമയത്തിന് പണം തരാതെ വട്ടംകറക്കുന്ന സര്‍ക്കാരാണ് എല്ലാ ദുരിതങ്ങള്‍ക്കും മീതെ കണ്ണടച്ച്‌ നില്‍ക്കുന്നത്. ദുരിതങ്ങളുടെ പട്ടിക നിരത്തുന്ന കര്‍ഷകര്‍ക്ക് കണ്ണീരൊപ്പാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്.

Related News