കുണ്ടന്നൂര്‍ തെക്കേക്കരയിലെ വെടിക്കെട്ടുപുരയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ തൊഴിലാളിക്ക് ഗുരുതര പരിക്ക്

  • 30/01/2023

കുണ്ടന്നൂര്‍(വടക്കാഞ്ചേരി): കുണ്ടന്നൂര്‍ തെക്കേക്കരയിലെ വെടിക്കെട്ടുപുരയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ തൊഴിലാളിക്ക് ഗുരുതര പരിക്ക്. കാവശ്ശേരി സ്വദേശി മണികണ്ഠ(55)നാണ് പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.


തിങ്കളാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ പ്രകമ്ബനം കൊള്ളിക്കുന്ന രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. ഭൂചലനമാണെന്ന് ആദ്യം പലരും കരുതി. ശിവകാശിയില്‍നിന്നുള്ള അനേകം തൊഴിലാളികളുണ്ടായിരുന്നെങ്കിലും തൊട്ടുമുമ്ബ് അവരെല്ലാം കുളിക്കാന്‍ പോയിരുന്നു. മണികണ്ഠനും അവരുടെകൂടെ പോയിരുന്നെങ്കിലും സോപ്പ് എടുക്കാന്‍ മറന്ന് തിരിച്ചു വരുകയായിരുന്നുവെന്ന് പറയുന്നു. അപ്പോള്‍ വെടിക്കെട്ടുപുരയില്‍ തീപ്പൊരി കണ്ട മണികണ്ഠന്‍ വെള്ളമൊഴിക്കുകയും അമിട്ടിന്റെ കളര്‍ഗുളികകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ജില്ലയിലെ പ്രധാന വെടിക്കെട്ട് കരാറുകാരനായ കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ സ്ഥലത്താണ് പടക്കനിര്‍മ്മാണശാല. എന്നാല്‍, കുണ്ടന്നൂരിലെ ശ്രീനിവാസന്റെ പേരിലാണ് ലൈസന്‍സ്. സമീപത്തെ പൂരങ്ങള്‍ക്കും പെരുന്നാളുകള്‍ക്കുമുള്ള വെടിക്കോപ്പുകളാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്. കുണ്ടന്നൂര്‍ കര്‍മലമാതാ പള്ളിക്കു പിന്നിലെ വടക്കാഞ്ചേരിപ്പുഴയോരത്താണ് വെടിക്കെട്ടുപുരയുള്ളത്.

അപകടസ്ഥലത്ത് ശേഷിച്ചത് വലിയ കുഴി മാത്രമാണ്‌. പരിസരത്തെ തെങ്ങുകളെല്ലാം കത്തി.കുണ്ടന്നൂര്‍ പള്ളിക്കും സ്കൂളിനും കേടു സംഭവിച്ചിട്ടുണ്ട്. പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനത്തിന്റെ ശബ്ദം ഭയപ്പാടുണ്ടാക്കി.

Related News