എം ശിവശങ്കര്‍ വിരമിച്ചു; യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെ പടിയിറക്കം

  • 31/01/2023

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വിരമിച്ചു. യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു എം ശിവശങ്കറിന്‍റെ പടിയിറക്കം. പിന്‍ഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം ശിവശങ്കര്‍ ചുമതലകള്‍ കൈമാറി.


കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തിദിനത്തില്‍ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥരുമായി സൗഹൃദ കൂടിക്കാഴ്ചകള്‍, അടിയന്തരമായി തീര്‍ക്കേണ്ട ചില ഫയല്‍ നോട്ടങ്ങള്‍, രണ്ട് ദിവസം മുന്‍പ് വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ചേര്‍ന്ന് എം ശിവശങ്കറിന് സ്നേഹോപഹാരം നല്‍കിയിരുന്നു. ഐഎഎസ് അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങ് നിരസിച്ചു. കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയെ ഓഫീസിലെത്തി കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ പ്രതാപത്തോടെ വാണ എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തി ദിനം ആരവങ്ങളില്ലാതെ പൂര്‍ത്തിയാക്കി സെക്രട്ടേറിയറ്റിന്‍റെ പടിയിറങ്ങി.

സ്പ്രിംഗ്ലര്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് കേസ് വരെ സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദങ്ങളിലെല്ലാം എം ശിവശങ്കറിന്റെ പേരുള്‍പ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ 98 ദിവസം ജയിലില്‍ കിടന്നു. സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നിരസിച്ച സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം വരവില്‍ ശിവശങ്കറിന് നല്‍കിയതും ഭേദപ്പെട്ട പരിഗണനയാണ്. ഏറ്റവും ഒടുവില്‍ ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡിയുടെ നോട്ടീസും കയ്യില്‍ പിടിച്ചാണ് എം ശിവശങ്കര്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ഇറങ്ങുന്നത്. ശിവശങ്കറിനെ കാത്തിരിക്കുന്നത് ഇനി നിയമപോരാട്ടങ്ങളുടെ നാളുകളാണ്. പടിയിറങ്ങുന്ന ശിവശങ്കര്‍ സര്‍ക്കാര്‍ പദ്ധതിയുടെ തലപ്പത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

Related News