ഗവേഷണ പ്രബന്ധത്തിലെ പിഴവ്: ചങ്ങമ്ബുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ട് ചിന്ത ജെറോം

  • 01/02/2023

കൊച്ചി: ഗവേഷണ പ്രബന്ധത്തിലെ പിഴവില്‍ വിശദീകരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്ബുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ടു. ചങ്ങമ്ബുഴയുടെ മകള്‍ ലളിതയെയാണ് ചിന്ത ജെറോം എറണാകുളത്ത് എത്തി കണ്ടത്. മനഃപൂര്‍വ്വം സംഭവിച്ച തെറ്റല്ലെന്നും സാന്ദര്‍ഭികമായി സംഭവിച്ച പിഴവാണെന്നുമാണ് ചിന്ത കുടുംബാംഗങ്ങളെ അറിയിച്ചത്.


വിഖ്യാതമായ വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളി ആണെന്നായിരുന്നു ചിന്ത ജെറോം തന്‍റെ ഗവേഷണ പ്രബന്ധത്തില്‍ എഴുതിയത്. പ്രബന്ധത്തിലെ ഈ ഗുരുതര പിഴവ് വിവാദമായതോടെ സാന്ദര്‍ഭികമായി സംഭവിച്ച തെറ്റാണെന്ന് ഇന്നലെ ചിന്ത വ്യക്തമാക്കിയിരുന്നു. വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമര്‍ശം നോട്ടപ്പിഴവാണെന്നാണ് ചിന്ത ഇന്നലെ വിവരിച്ചത്.

പ്രബന്ധത്തിലെ ഒരു വരിപോലും കോപ്പിയടിച്ചിട്ടില്ലെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ഇടുക്കിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. സാന്ദര്‍ഭികമായി ഉണ്ടായ പിഴവാണ് സംഭവിച്ചതെന്നും മനുഷ്യ സഹജമായ തെറ്റായിരുന്നു അതെന്നും അവര്‍ പറ‌ഞ്ഞിരുന്നു. പക്ഷേ ചെറിയൊരു പിഴവിനെ പര്‍വതീകരിച്ച്‌ പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായെന്നും അതിന്‍റെ പേരില്‍ സ്ത്രീ വിരുദ്ധമായ പരാമര്‍ശം വരെ തനിക്കെതിരെ ഉണ്ടായെന്നും ചിന്ത കൂട്ടിച്ചേര്‍ത്തിരുന്നു.

വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോയെന്ന് എല്ലാവരും ആലോചിക്കണമെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ഇന്നലെ ചോദിച്ചു. ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും പക്ഷേ ഒരു വരി പോലും കോപ്പി അടിച്ചിട്ടില്ലെന്നും ചിന്താ ജെറോം വിശദീകരിക്കുകയും ചെയ്തിരുന്നു. വിമര്‍ശനം തുറന്ന മനസ്സോടെ സ്വീകരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച പിഴവ് പുസ്തകരൂപത്തിലാക്കുമ്ബോള്‍ തിരുത്തുമെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു. 

Related News