വിമാനത്തിൽ നിന്ന് പുക, കണ്ടെത്തിയത് ശുചിമുറിയില്‍ ഇരുന്ന് പുകവലിച്ചയാളെ; തൃശൂർ സ്വദേശി കസ്റ്റഡിയിൽ

  • 01/02/2023

കൊച്ചി: വിമാനത്തില്‍ പുകവലിച്ചതിന് തൃശൂര്‍ സ്വദേശി അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശി സുകുമാരന്‍ (62) ആണ് വിമാനത്തില്‍ പുകവലിച്ചതിന് അറസ്റ്റിലായത്. വിമാനത്തിന്റെ ശുചിമുറിയില്‍ ഇരുന്നാണ് ഇയാള്‍ പുകവലിച്ചത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയര്‍വേയ്സ് എസ്ജി 17 വിമാനത്തിനുള്ളില്‍ വച്ചാണ് പുകവലിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.


വിമാനം പറക്കുന്നതിനിടെ ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ജീവനക്കാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് വിമാനം കൊച്ചിയില്‍ ഇറങ്ങിയപ്പോള്‍ ജീവനക്കാര്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുകുമാരനെ കസ്റ്റഡിയിലെടുത്തു. നെടുമ്ബാശേരി വിമാനത്താവളത്തിലെ സുരക്ഷാ ഓഫീസറുടെ പരാതിപ്രകാരം നെടുമ്ബാശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

എന്നാല്‍, വിമാനത്തിലെ പുകവലിയെ നിയമവിരുദ്ധമാക്കിയെങ്കിലും ഇപ്പോഴും വിമാനത്തില്‍ ആഷ്ട്രേകള്‍ കാണാന്‍ സാധിക്കും. 1980 കള്‍ വരെയും യുഎസില്‍ വിമാനത്തിനുള്ളില്‍ പുകവലിക്കുന്നത് നിയമവിധേയമായിരുന്നു. വിമാനത്തിനുള്ളില്‍ പുകവലി പൂര്‍ണമായി നിരോധിച്ചിരുന്നില്ല. പിന്നീട് വിമാനത്തിനുള്ളില്‍ പുകവലി നിരോധിച്ചെങ്കിലും മിക്ക വിമാനങ്ങളിലും ഇപ്പോഴും വാഷ്റൂമുകളില്‍ ആഷ്ട്രേകള്‍ ഉണ്ട്.

വിമാനത്തില്‍ പുകവലി അനുവദനീയമാണോ എന്നത് പരിഗണിക്കാതെ തന്നെ, നീക്കം ചെയ്യാവുന്ന ആഷ്‌ട്രേകള്‍ ഉണ്ടായിരിക്കണമെന്നാണ്. കാരണം, നിയമലംഘനം നടത്തി പുകവലിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. നിയമവിരുദ്ധമായി പുകവലിക്കുന്നത് പിടിക്കപ്പെട്ടാല്‍ പിഴയും അറസ്റ്റും വരെ ഉണ്ടായേക്കാം. എന്നാല്‍, ഇവര്‍ സിഗരറ്റുകള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് തീപിടുത്തത്തിന് ഇടയാക്കും. അതിനാല്‍, ആഷ്ട്രേകള്‍ വയ്ക്കുന്നതാണ് സുരക്ഷിതം.

Related News