റിട്ടയേഡ് അധ്യാപികയെ പട്ടാപകല്‍ തലക്കടിച്ചു കൊലപ്പെടുത്തി; ആഭരണങ്ങള്‍ കവര്‍ന്നു

  • 02/02/2023

തൃശ്ശൂര്‍: തൃശ്ശൂര്‍ വാടാനപള്ളിയില്‍ റിട്ടയേഡ് അധ്യാപികയെ പട്ടാപകല്‍ തലക്കടിച്ചു കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു. ഗണേശ മംഗലം സ്വദേശി വസന്തയാണ് മരിച്ചത്. കൊലപാതകത്തിനുശേഷം സൈക്കിളില്‍ കടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.


രാവിലെ 7:15 ഓടെയായിരുന്നു സംഭവം. വീടിന് പിന്നില്‍ നിന്ന് പല്ല് തേയ്ക്കുകയായിരുന്നു വസന്ത. ആഭരണങ്ങള്‍ പിടിച്ചു പറിക്കുന്നതിനിടെയാണ് വസന്തയുടെ തലയ്ക്ക് അടിയേറ്റത്. കരച്ചില്‍ കേട്ട് അയല്‍വാസികള്‍ വീടിന് മുന്നില്‍ വന്ന് നോക്കിയെങ്കിലും ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. പൊലീസിനെ വിവരം അറിയിച്ച്‌ പരിശോധിച്ചപ്പോഴാണ് വീടിന് പുറകില്‍ മൃതദേഹം കണ്ടത്.

വസന്തയുടെ വീടിന്റെ മതില്‍ ചാടി കടന്ന് ഒരാള്‍ പോകുന്നത് സമീപത്ത് മീന്‍ വിറ്റുകൊണ്ടിരുന്നവര്‍ കണ്ടിരുന്നു. ഇയാളെ തടഞ്ഞുനിര്‍ത്തി ഫോട്ടോയെടുത്ത് ഇവര്‍ പറഞ്ഞു വിടുകയായിരുന്നു. കൊലപാതക വിവരം അറിഞ്ഞതോടെ ഈ ഫോട്ടോ പൊലീസിന് കൈമാറി. ഗണേശമംഗലം സ്വദേശി തന്നെയായ ജയരാജനായിരുന്നു മതില്‍ ചാടി കടന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ വീട്ടില്‍ നിന്ന് മോഷണം പോയ ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.

78 വയസ്സുള്ള വസന്ത രണ്ടു നില വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഭര്‍ത്താവ് നേരത്തെ മരിച്ചു പോയി. വീടിനെക്കുറിച്ചും പരിസരത്തെക്കുറിച്ചും കൃത്യമായി ജയരാജന് അറിവുണ്ടായിരുന്നു. പ്രതിക്ക് 68 വയസ്സുണ്ട്. വാടാനപ്പള്ളി പൊലീസും റൂറല്‍ സ്പിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരെ വിരലടയാളം ശേഖരിച്ചു.

Related News