ബജറ്റിനെതിരെ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാൻ പോകുന്നത്: കെ സുധാകരൻ

  • 03/02/2023

സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാൻ പോകുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. സഹസ്ര കോടികൾ നികുതിയിനത്തിൽ പിരിച്ചെടുക്കാതെയാണ് സർക്കാർ 4000 കോടി രൂപയുടെ അധിക നികുതി ഒറ്റയടിക്ക് ചുമത്തിയത്. പ്രാണവായുവിനു മാത്രമാണ് ഇപ്പോൾ നികുതിഭാരം ഇല്ലാത്തത്. നികുതികൊള്ളയ്ക്കെതിരേ ജനങ്ങളെ അണിനിരത്തി കോൺഗ്രസ് ശക്തമായ പ്രതിരോധം തീർക്കും. നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സർക്കാർ തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുമ്പും സർക്കാരുകൾ നികുതി കൂട്ടിയിട്ടുണ്ടെങ്കിലും അതോടൊപ്പം ജനങ്ങൾക്ക് ആശ്വാസം കിട്ടുന്ന നടപടികളും നാടിനു പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രഖ്യാപിക്കുമായിരുന്നു. എന്നാൽ ഇത്തവണ അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പാവപ്പെട്ടവരുടെ സാമൂഹ്യസുരക്ഷാ പെൻഷൻ പോലും കൂട്ടിയില്ല. എല്ലാവർഷവും പെൻഷൻ തുക കൂട്ടുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സർക്കാരാണിത്. പുതിയ വൻകിട പദ്ധതികളില്ല. യുഡിഎഫിന്റെ കാലത്തു തുടങ്ങിവച്ച വൻകിട പദ്ധതികൾ മുടന്തുമ്പോൾ, സർക്കാരിന്റെ പിന്തുണയുമില്ല. സംസ്ഥാന സർക്കാർ അധിക സെസ് ചുമത്തിയടോതെ ഇന്ധനവില അസഹനീയമായ നിലയിലെത്തി. 

വൈദ്യുതി തീരുവ, കെട്ടിട നികുതി, വാഹന നികുതി, മദ്യ നികുതി തുടങ്ങിയ നിരക്കു വർധനകൾ സമസ്ത മേഖലകളെയും എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കും. അതു സൃഷ്ടിക്കുന്ന നാണ്യപ്പെരുപ്പവും പ്രയാസങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാധാരണ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം ദുസഹമാക്കും. അതേസമയം, സർക്കാരിന്റെ ധൂർത്തിനും പാഴ്ച്ചെലവുകൾക്കും യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ചെലവു ചുരുക്കി മാതൃക കാട്ടാൻ സർക്കാർ തയാറല്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ഈ രീതിയിൽ ജനങ്ങളുടെ മേൽ ഭാരം അടിച്ചേല്പിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം ജനരോഷത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും സുധാകരൻ പറഞ്ഞു.

Related News