സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; ഇന്ന് കരിദിനം

  • 03/02/2023

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.


ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും. ഇന്ന് നടക്കുന്ന വിവധ പ്രതിഷേധ പരിപാടികളില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനത്തിന്‍റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നതെന്ന് കെ സുധാകരന്‍ അറിയിച്ചു.

കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ആയിരക്കണക്കിന് കോടികള്‍ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയില്‍ക്കെട്ടിവെച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിലെ സാധാരണക്കാരുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിച്ച്‌ പെരുവഴിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് സ്വീകരിച്ചത്. 

Related News