പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

  • 04/02/2023



ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. 

തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 നവംബര്‍ 30-നാണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതത്തിൻ്റെ ആദ്യപാഠങ്ങൾ ഹൃദ്യസ്ഥമാക്കിയ വാണി തൻ്റെ എട്ടാം വയസ്സിൽ ആകാശവാണിയുടെ മദ്രസ് സ്റ്റേഷനിൽ പാടി തുടങ്ങി. 

കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരായിരുന്നു കർണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാർ. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനിൽ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെ അവര്‍ സംഗീത ആസ്വാദക‍ര്‍ക്ക് ഇടയിൽ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ അവര്‍ നേടി.

Related News